ഏറ്റുമുട്ടല്‍ കൊല : മനുഷ്യാവകാശ കമ്മീഷന്റെ തെളിവെടുപ്പ് തുടരുന്നു ;  കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ കാണും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2019 07:37 AM  |  

Last Updated: 08th December 2019 07:37 AM  |   A+A-   |  

 

ഹൈദരാബാദ്: ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ ഏഴംഗ സംഘം ഇന്ന് കാണും. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. യുവതി ബലാല്‍സംഗത്തിന് ഇരയായ ചത്തന്‍പള്ളി ഗ്രാമത്തിലെ ടോള്‍പ്ലാസക്കടുത്ത സ്ഥലവും സംഘം സന്ദര്‍ശിച്ചു.

സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ തെലങ്കാന ഡിജിപിയോട് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇന്നലെ മഹബൂബ നഗര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന പ്രതികളുടെ മൃതദേഹങ്ങള്‍ സംഘം പരിശോധിച്ചു. ദൃശ്യങ്ങളും പകര്‍ത്തി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തെത്തിയും തെളിവെടുത്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന്‍ തെലങ്കാന സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു.

ഡിസംബര്‍ ഒമ്പതിന് രാത്രി എട്ടുമണി വരെ പ്രതികളുടെ മൃതദേഹം സൂക്ഷിക്കണമെന്ന് തെലങ്കാന ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വീഡിയോയില്‍ പകര്‍ത്തിയ പോസ്റ്റ് മോര്‍ട്ടത്തിന്റെ ദൃശ്യങ്ങളും ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ജനറലിന് കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതികളെ വെടിവെച്ച് കൊല്ലാനുള്ള സാഹചര്യത്തിന്റെ നിജസ്ഥിതി നേരിട്ട് അറിയാനാണ് തങ്ങളുടെ നേരിട്ടുള്ള സന്ദര്‍ശനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.