പൗരത്വ ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നേര്‍ക്കുള്ള വംശീയ ആക്രമണം ; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2019 11:21 AM  |  

Last Updated: 11th December 2019 11:21 AM  |   A+A-   |  

rahul_gandhii

 

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നേര്‍ക്കുള്ള വംശീയ ആക്രമണമെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. ഇതൊരു ക്രിമിനല്‍ ആക്രമണമാണ്. മോദി-അമിത് ഷാ സര്‍ക്കാര്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ വംശീയമായ തുടച്ചുനീക്കലിനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

പൗരത്വഭേദഗതി ബില്ലിലൂടെ ലക്ഷ്യമിടുന്നത് വടക്ക് കിഴക്കിനെ വംശീയമായി തുടച്ചുനീക്കാനുള്ള ശ്രമമാണ്.വടക്ക് കിഴക്കന്‍ മേഖലയില്‍ വംശീയമായ തുടച്ചുനീക്കലിനാണ്  മോദിയും അമിത് ഷായും ശ്രമിക്കുന്നത്. അതാണ് അവരുടെ പാതയും ജീവിത രീതിയും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ശബ്ദത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. രാഹുല്‍ ട്വീറ്റ് ചെയ്തു.

ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ലോക്‌സഭയില്‍ തിങ്കളാഴ്ച പാസാക്കിയ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കുകയാണ്. ബില്ലിനെതിരെ എതിര്‍ത്ത് വോട്ടുചെയ്യണമെന്ന് കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് 20 ഉം, കോണ്‍ഗ്രസ് 12 ഉം ഭേദഗതികള്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.