പാസ്‌പോര്‍ട്ടിലെ താമര: സുരക്ഷയ്‌ക്കെന്ന് വിദേശകാര്യ മന്ത്രാലയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2019 09:07 PM  |  

Last Updated: 12th December 2019 09:07 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. സുരക്ഷാ നടപടികളുടെ ഭാഗമായാണ് പാസ്‌പോര്‍ട്ടില്‍ താമര ചിഹ്നം പതിപ്പിച്ചതെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. പാസ്‌പോര്‍ട്ടില്‍ താമര ചിഹ്നം ഉപയോഗിച്ചതിന് എതിരെ കോണ്‍ഗ്രസ് ലോക്‌സഭയില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് വിശദീകരണം. 

വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്താനും സുരക്ഷയ്ക്കും വേണ്ടിയാണ് നടപടിയെന്നാണ് വിശദീകരണം. താമര ദേശീയ ചിഹ്നമായതുകൊണ്ടാണ് ഉപയോഗിച്ചതെന്നും വിദേശകാര്യ കാര്യ വക്താവ് രവീഷ് കൂമാര്‍ പറഞ്ഞു. 

കോഴിക്കോട് വിതരണം ചെയ്ത പാസ്‌പോര്‍ട്ടിലാണ് താമര ചിഹ്നം പതിപ്പിച്ചിരുന്നത്. ഇതിനെതിരെ ലോക്‌സഭയില്‍ ശൂന്യവേളയില്‍ കോഴിക്കോട് എംപി എംകെ രാഘവന്‍ രംഗത്തെത്തിയിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 

പുതിയ പോസ്‌പോര്‍ട്ടുകളില്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ ഒപ്പിടുന്നതിന് താഴെയായി ദീര്‍ഘ ചതുരാകൃതിക്ക് ഇരു വശത്തുമായാണ് താമര ചിഹ്നം ചേര്‍ത്തിരിക്കുന്നത്.