അസമിലെ പ്രതിഷേധം: ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി മാറ്റിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2019 02:18 PM  |  

Last Updated: 13th December 2019 02:18 PM  |   A+A-   |  

modi_abe

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമില്‍ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ ഗുവാഹതിയില്‍ നടക്കാനിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി മാറ്റിവച്ചു. ഇരു വിഭാഗവും കൂടിയാലോചന നടത്തിയാണ് ഉച്ചകോടി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുപക്ഷത്തിനും സ്വീകാര്യമായ മറ്റൊരു തീയതിയില്‍ ഉച്ചകോടിക്കായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ ഇന്ത്യയില്‍ എത്തുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. 

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഞായറാഴ്ച ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ഇന്ത്യയില്‍ തങ്ങുന്ന ആബേ പ്രധാനമന്ത്രി അടക്കം നിരവധി പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിരുന്നു. അസം തലസ്ഥാനമായ ഗുവാഹതിയിലാണ് ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പൗരത്വ നിയമത്തിനെതിരെ അസമിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ പ്രക്ഷോഭം തുടരുകയാണ്. സംഘര്‍ഷം ശക്തമായതോടെ ഗുവാഹതിയില്‍ അടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരിക്കുകയാണ്. നേരത്തെ പ്രതിഷേധക്കാര്‍ ഷിന്‍സോ ആബേ-നരേന്ദ്രമോദി കൂടിക്കാഴ്ചയുടെ വേദികളില്‍ ഒന്ന് തകര്‍ത്തിരുന്നു.