ജാമിയ മിലിയ സംഘര്‍ഷം പത്തുപേര്‍ പിടിയില്‍; അറസ്റ്റിലായത് വിദ്യാര്‍ഥികളല്ല ക്രിമിനലുകളെന്ന് പൊലീസ്

ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധസമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പത്തുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ്  ചെയ്തു
ജാമിയ മിലിയ സംഘര്‍ഷം പത്തുപേര്‍ പിടിയില്‍; അറസ്റ്റിലായത് വിദ്യാര്‍ഥികളല്ല ക്രിമിനലുകളെന്ന് പൊലീസ്


ന്യൂഡല്‍ഹി:  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധസമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പത്തുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ്  ചെയ്തു. ഇവര്‍ വിദ്യാര്‍ഥികളല്ലെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന

അക്രമസംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിയുടെയും  അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജാമിയ മിലിയ വിദ്യാര്‍ഥികളും അധ്യാപകരും സമാധാനപരമായി നടത്തിയ മാര്‍ച്ചിലേക്ക് ഒരു വിഭാഗം ആളുകള്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിചാര്‍ജ്ജിലും വെടിവെപ്പിലും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥിയായ മൂഹമ്മദ് തമീന് പരുക്കേറ്റത് വെടിവെപ്പിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും അതിനിടെ പുറത്തുവന്നു. എന്നാല്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്്തമാക്കി. സാമൂഹ്യവിരുദ്ധര്‍ സമരത്തിലേക്ക് നുഴഞ്ഞുകയറി  പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതാണെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com