കേരളത്തിന് തിരിച്ചടി; ലോട്ടറി നികുതി ഏകീകരിക്കാന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം, അസംബന്ധമെന്ന് ഐസക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2019 10:02 PM  |  

Last Updated: 18th December 2019 10:02 PM  |   A+A-   |  

thomas_isaac

 

ന്യൂഡല്‍ഹി: എല്ലാ ലോട്ടറികള്‍ക്കും 28% നികുതി ഏര്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം. വോട്ടെടുപ്പിലൂടെയാണ് ജിഎസ്ടി കൗണ്‍സില്‍ ലോട്ടറി നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ പുതിയ തീരുമാനത്തെ എതിര്‍ത്തെങ്കിലും വോട്ടെടുപ്പിലൂടെ പാസാവുകയായിരുന്നു. 

ഇതുവരെ ലോട്ടറികള്‍ക്ക് രണ്ട് നികുതിയാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ രണ്ട് നികുതികളും ഏകീകരിക്കാനാണ് ബുധനാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനമായത്. ആദ്യമായാണ് ജിഎസ്ടി കൗണ്‍സിലില്‍ വോട്ടെടുപ്പിലൂടെ ഒരു തീരുമാനം കൈക്കൊള്ളുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. 

രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഡല്‍ഹി, പുതുച്ചേരി, മധ്യപ്രദേശ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി ഏകീകരിക്കുന്നതിനെ എതിര്‍ത്തത്. 

അതേസമയം ലോട്ടറി ജിഎസ്ടി ഏകീകരണം കേന്ദ്രനയം അസംബന്ധമാണെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ലോട്ടറി മാഫിയ സംസ്ഥാനത്തേക്ക് കടന്നുവരുന്നതു നിയമപരമായി തടയുമെന്നും തോമസ് ഐസക് പറഞ്ഞു.