പ്രക്ഷോഭം കനക്കുന്നു; നാളെ മുതല്‍ 125 മദ്യഷോപ്പുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ്‌

പ്രതിഷേധങ്ങള്‍ സംഘര്‍ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് മദ്യഷോപ്പുകള്‍ അടയ്ക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവ്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു.  ഡല്‍ഹിയില്‍ മദ്യഷോപ്പുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. വെള്ളിയാഴ്ച മുതല്‍ 125 മദ്യഷോപ്പുകള്‍ അടച്ചിടാനാണ് സര്‍ക്കാര്‍ ഇത്തരവ്. പിടിഐ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പ്രതിഷേധങ്ങള്‍ സംഘര്‍ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ്  മദ്യഷോപ്പുകള്‍ അടയ്ക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവ്. 

പ്രതിഷേധങ്ങളില്‍ സംഘര്‍ഷം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വ്യാഴാഴ്ച വൈകിട്ട് യോഗം ചേരും. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല തുടങ്ങിയവരും പങ്കെടുക്കും. 

പൗരത്വ ഭേദഗതി നിയമത്തെയും പൗരത്വ റജിസ്റ്ററിനെയും എത്രയാളുകള്‍ അനുകൂലിക്കുന്നുണ്ടെന്ന് അറിയാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്താന്‍ ബിജെപി തയാറാകണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ റാലിയിലായിരുന്നു മമതയുടെ വെല്ലുവിളി. പ്രതിഷേധത്തിനിടെ ലക്‌നൗവിലും മെംഗളൂരുവിലും വന്‍ അക്രമമുണ്ടായി. ലക്‌നൗവിലെ ഹസ്രത്ഗഞ്ചില്‍ പ്രക്ഷോഭകര്‍ പൊലീസിനു നേരേ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നു പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. 

കര്‍ണാടകയിലെ മംഗളൂരുവില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പൊലീസ് ആകാശത്തേയ്ക്ക് വെടിവച്ചു. ഇതിനെത്തുടര്‍ന്നു അഞ്ച് സ്ഥലങ്ങളില്‍ പൊലീസ് നിശാനിയമം പ്രഖ്യാപിച്ചു.

ചെന്നൈയിലെ വള്ളുവര്‍ക്കോട്ടത്തു പൊലീസിന്റെ വിലക്ക് മറികടന്നു 54 സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ സംഘടനാ പ്രവര്‍ത്തകരും നഗരത്തിലെ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. പ്രതിഷേധത്തിനു നേരത്തെ അനുമതി തേടിയിരുന്നെങ്കിലും പൊലീസ് നിഷേധിക്കുകയായിരുന്നു. 

അതിനിടെ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മൊബൈല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി എയര്‍ടെല്‍ അറിയിച്ചു. ഡല്‍ഹിയില്‍ 19 മെട്രോ സ്‌റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു. ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെയും ഇടത് പാര്‍ട്ടികളുടെയും പ്രതിഷേധ മാര്‍ച്ചിനു പൊലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരുവും മംഗലാപുരവും ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്നു ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ചെങ്കോട്ടയില്‍ റാലികളും െപാതുയോഗങ്ങളും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com