ഒടുവില്‍ രാഹുല്‍ ഗാന്ധി സമര രംഗത്തേക്ക്; നാളെ രാജ്ഘട്ടില്‍ ധര്‍ണ

പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
ഒടുവില്‍ രാഹുല്‍ ഗാന്ധി സമര രംഗത്തേക്ക്; നാളെ രാജ്ഘട്ടില്‍ ധര്‍ണ

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഞായറാഴ്ച രാജ്ഘട്ടില്‍ ധര്‍ണ സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടുമുതല്‍ എട്ടുവരെയാണ് പരിപാടി. പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് എംപി രാഹുല്‍ ഗാന്ധിയും പരിപാടിയില്‍ പങ്കെടുക്കും. 

ദേശീയ പൗരത്വ നിയമ  പ്രതിഷേധം ശക്തിയാര്‍ജിച്ചപ്പോള്‍ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിന് പോയ രാഹുല്‍ ഗാന്ധി, തിരിച്ചെത്തിയതിന് ശേഷം പങ്കെടുക്കുന്ന പരിപാടിയാണിത്. 

നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍, രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനം നടത്തിയതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തു തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സമരങ്ങളോടുള്ള തണുപ്പന്‍ സമീപനങ്ങള്‍ക്ക് എതിരെ ഉന്നത യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കടുത്ത പ്രതിഷേധം ഉയര്‍ത്തിയെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

രാഹുലിന്റെ അഭാവത്തില്‍, പ്രിയങ്ക നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് വലിയ തോതില്‍ സ്വീകാര്യത ലഭിച്ചിരുന്നു. ട്വിറ്ററിലല്ല, തെരുവിലാണ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം വേണ്ടതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. 

മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്നാണ് വിദേശ യാത്രക്ക് കോണ്‍ഗ്രസ് നല്‍കിയ വിശദീകരണം. കൊറിയന്‍ എന്‍.ജി.ഒ കൊറിയന്‍ ഫൗണ്ടേഷന്റെ ക്ഷണപ്രകാരമാണ് രാഹുല്‍ ഗാന്ധിയും സംഘവും ദക്ഷിണ കൊറിയയില്‍ എത്തിയതെന്നും കോണ്‍ഗ്രസ് വിശദമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com