'അവരെങ്ങനെ ഈ സമൂഹത്തിന്റെ ഭാഗമാകും'; കൊല്ലപ്പെട്ട മുസ്ലീം യുവാക്കളുടെ വീട് സന്ദര്‍ശനം ഒഴിവാക്കി യുപി മന്ത്രി; പ്രതിഷേധം

പ്രക്ഷോഭകാരികളുടെ വീട്ടില്‍ ഞാനെന്തിന് പോകണം? അവര്‍ പ്രക്ഷോഭം നടത്തുകയാണ്. വികാരത്തെ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്.
'അവരെങ്ങനെ ഈ സമൂഹത്തിന്റെ ഭാഗമാകും'; കൊല്ലപ്പെട്ട മുസ്ലീം യുവാക്കളുടെ വീട് സന്ദര്‍ശനം ഒഴിവാക്കി യുപി മന്ത്രി; പ്രതിഷേധം

ബിജ്‌നോര്‍: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടയില്‍ കൊല്ലപ്പെട്ട മുസ്ലീം യുവാക്കളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ വിസമ്മതിച്ച് ഉത്തര്‍പ്രദേശ് മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍. വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഓം രാജ് സെയ്‌നിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കപില്‍ മരണപ്പെട്ട സുലെമാന്‍, ഐഎഎസ് പരീക്ഷാര്‍ഥി അനസ് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല.

എന്നാല്‍ സന്ദര്‍ശനത്തില്‍ വിവേചനം കാണിച്ചില്ലെന്നാണ് മന്ത്രി പറയുന്നത്. പ്രക്ഷോഭകാരികളുടെ വീട്ടില്‍ ഞാനെന്തിന് പോകണം? അവര്‍ പ്രക്ഷോഭം നടത്തുകയാണ്. വികാരത്തെ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. അവരെങ്ങനെയാണ് സമൂഹത്തിന്റെ ഭാഗമാകുന്നത്. ഞാനെന്തിന് അങ്ങോട്ട് പോകണം ? ഇത് ഹിന്ദു മുസ്ലീം എന്ന വേര്‍തിരിവല്ല. പ്രക്ഷോഭകാരികളുടെ അടുത്തേക്ക് ഞാനെന്തിന് പോകണം? മന്ത്രി ചോദിച്ചു. 

ഓം രാജ് സെയ്‌നിയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സന്ദര്‍ശനം നടത്തി. സംഘര്‍ഷത്തില്‍ മരണപ്പെട്ട സുലെമാന്റെയും അനസിന്റെയും വീട്ടിലും സന്ദര്‍ശനം നടത്തിയാണ് ഇവര്‍ മടങ്ങിയത്. അതോടെയാണ് കപിലിന്റെ നടപടി ചര്‍ച്ചയായത്. 

ഉത്തര്‍പ്രദേശില്‍ ഇതിനകം 21 പേരാണ് സംഘര്‍ഷത്തില്‍ മരണപ്പെട്ടത്. മരിച്ചവരില്‍ പലര്‍ക്കും വെടിയേറ്റ പരിക്കുകള്‍ ഉണ്ടായിരുന്നു. സുലെമാന്‍ മരിച്ചത് പൊലീസ് വെടിവെപ്പിലാണെന്ന് പോലീസ് സമ്മതിച്ചിരുന്നു. പ്രതിഷേധക്കാര്‍ പൊലീസിനെതിരെ വെടിയുതിര്‍ക്കുകയും ആത്മരക്ഷാര്‍ഥം പൊലീസ് തിരികെ വെടിവെക്കുകയും ചെയ്തു. ഈ ഏറ്റമുട്ടലിലാണ് സുലെമാന് ജീവന്‍ നഷ്ടമായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഓം രാജ് പ്രതിഷേധക്കാര്‍ക്ക് ഒപ്പമായിരുന്നില്ലെന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓം രാജിന് പ്രതിഷേധക്കാരുടെ തോക്കില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com