രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ആര്‍എസ്എസ് കാണുന്നത് ഹിന്ദുക്കളായി ; ഇന്ത്യയുടേത് 'ഹിന്ദുത്വവാദി'  പരമ്പര്യം : മോഹന്‍ ഭാഗവത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2019 08:27 AM  |  

Last Updated: 26th December 2019 08:34 AM  |   A+A-   |  


 

ഹൈദരാബാദ് : ഇന്ത്യയുടേത് ഹിന്ദുത്വവാദി  പരമ്പര്യമാണെന്നും, രാജ്യത്തെ 130 കോടി ജനങ്ങളെയും ആര്‍എസ്എസ് കാണുന്നത് ഹിന്ദു സമൂഹമായാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തെലങ്കാനയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ആര്‍എസ്എസ് ഒരാളെ ഹിന്ദു എന്നു വിളിച്ചാല്‍, അത് അര്‍ത്ഥമാക്കുന്നത് ഇന്ത്യയെ മാതൃരാജ്യമായി കരുതുന്നവരെയും സ്‌നേഹിക്കുന്നവരെയുമാണ്. വ്യത്യസ്ത ഭാഷയോ, വ്യത്യസ്ത മതമോ, വ്യത്യസ്ത ആരാധനാക്രമമോ അതിന് ബാധകമല്ല, ഭാരതാംബയുടെ മകന്‍ എന്ന നിലയില്‍ മാത്രമാണ്. അതുകൊണ്ടു തന്നെ രാജ്യത്തെ 130 കോടി ജനങ്ങളെയും ആര്‍എസ്എസ് ഹിന്ദുക്കളായാണ് പരിഗണിക്കുന്നത്.

ഒരുമിച്ച് മുന്നേറുക എന്നതാണ് ഇന്ത്യയുടെ പരമ്പരാഗതമായ ചിന്താഗതി. അതിനാലാണ് ജനം നമ്മള്‍ ഹിന്ദുത്വവാദികളാണെന്ന് പറയുന്നത്. നമ്മുടേത് പാരമ്പര്യമായി ഹിന്ദുത്വവാദി രാജ്യമാണ്. ദേശീയ ബോധമുള്ളവരും രാജ്യത്തിന്റെ സംസ്‌കാരത്തോടും പാരമ്പര്യത്തോടും ബഹുമാനമുള്ളവരാണ് ഹിന്ദുക്കള്‍. മുഴുവന്‍ സമൂഹവും തങ്ങളുടേതാണ്. ഒത്തൊരുമയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.

പ്രശസ്തമായ വാചകമാണ് നാനാത്വത്തിലെ ഏകത്വം എന്നത്. എന്നാല്‍ നമ്മുടെ രാജ്യം ഒരുപടി മുന്നിലാണ്. നാനാത്വത്തില്‍ ഏകത്വം മാത്രമല്ല, ഏകത്വത്തിലെ നാനാത്വവുമാണുള്ളത്. നാം വൈവിധ്യത്തിനിടയില്‍ ഏകത്വം തിരയുകയല്ല, വൈവിധ്യങ്ങളിലേക്ക് നയിക്കുന്ന ഏകത്വമാണ് നമുക്കുള്ളതെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി കിഷന്‍ റെഡ്ഡി, ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് എന്നിവര്‍ പങ്കെടുത്തു.