പതിമൂന്നു മാസത്തിനിടെ 33 വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി;  മോദി കണ്ടുപഠിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2019 07:37 PM  |  

Last Updated: 28th December 2019 07:37 PM  |   A+A-   |  

 

ഴിഞ്ഞ പതിമൂന്നു മാസത്തിനിടെ 33 വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി ഷോട്ടെ ഷെറിങ്.  രാജ്യത്തെ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും പൊതുജനശാക്തീകരണത്തിന് കൃത്യമായ വിവരങ്ങള്‍ എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികള്‍ സംബന്ധിച്ചും സര്‍ക്കാര്‍ നടപടികള്‍ സംബന്ധിച്ചും അറിയിക്കാനാണ് പ്രധാനമന്ത്രി ലോട്ടെ ഷെറിങ് വാര്‍ത്താസമ്മേളനം നടത്തിയത്.

ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റ് പക്ഷേ, ഇന്ത്യയില്‍ വൈറലായിരിക്കുകയാണ്. പത്രസമ്മേളനങ്ങള്‍ നടത്താന്‍ വിമുഖത കാണിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുകാണണം എന്ന് പറഞ്ഞാണ് വിമര്‍ശകര്‍ ട്വീറ്റ് വൈറലാക്കിയിരിക്കുന്നത്.

ഈവര്‍ഷം മെയിലാണ് അധികാരത്തിലെത്തിയ ശേഷം മോദി ആദ്യമായി ഒരു വാര്‍ത്താ സമ്മേളനം നടത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ബിജെപി പ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ചുകൊണ്ടായിരുന്നു അമിത് ഷായ്‌ക്കൊപ്പം മോദി വാര്‍ത്താ സമ്മേളനം നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മോദി മറുപടി നല്‍കിയില്ലെന്നും അമിത് ഷായാണ് ഉത്തരങ്ങള്‍ നല്‍കിയതെന്നും അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ അയല്‍രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ട്വീറ്റും മോദി സര്‍ക്കാരിന് എതിരായ ആയുധമാക്കി മാറ്റുകയാണ് വിമര്‍ശകര്‍.