ആരാണ് സംയുക്ത സേനാ മേധാവി?; അധികാരങ്ങള്‍ എന്തെല്ലാം, എന്തിനാണ് വിമര്‍ശനം?

വിരമിക്കാന്‍ പോകുന്ന കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ തലവനായി വരുമ്പോള്‍ രാജ്യം ഇതുവരെ പിന്തുടര്‍ന്നു പോന്ന സൈനിക നയം കൈവിടുകയാണോ എന്ന ആശങ്ക ശക്തമാണ്.
ആദ്യ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റെടുക്കാന്‍ പോകുന്ന നിലവിലെ കരസേനാ മേധാവി ബിപിന്‍ റാവത്ത്‌
ആദ്യ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റെടുക്കാന്‍ പോകുന്ന നിലവിലെ കരസേനാ മേധാവി ബിപിന്‍ റാവത്ത്‌

വിരമിക്കാന്‍ പോകുന്ന കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ തലവനായി വരുമ്പോള്‍ രാജ്യം ഇതുവരെ പിന്തുടര്‍ന്നു പോന്ന സൈനിക നയം കൈവിടുകയാണോ എന്ന ആശങ്ക ശക്തമാണ്. എഴുപത്തിമൂന്നാം
സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കൊരു സംയുക്ത സേനാ മേധാവി അഥവാ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. അന്നുമുതല്‍ ഈ വിഷയുമായി ബന്ധപ്പെട്ട് പലതരം ചര്‍ച്ചകളും ഉയര്‍ന്നുവന്നിരുന്നു. സേനകള്‍ തമ്മിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും മൂന്നു സേനകളെയും കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്നാണ് സര്‍ക്കാര്‍ നിലപാട്. 

സിഡിഎസിന്റെ വരവ് നിലവിലുള്ള സിവില്‍ -മിലിറ്ററി ബന്ധത്തെ താത്വികമായി ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നടപടിയെ അനുകൂലിക്കുന്ന പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സൈന്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ രാഷ്ട്രപതി തന്നെയാണ്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് അദ്ദേഹം ആ ചുമതല നിര്‍വഹിക്കുന്നു. മന്ത്രിസഭയുടെ സുരക്ഷാസമിതിക്കു സുരക്ഷാകാര്യങ്ങളില്‍ ഉപദേശം ലഭിക്കുന്നത് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവിലൂടെയാണ്. അദ്ദേഹമാണ് നാഷനല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡിന്റെ തലവന്‍. സുരക്ഷാകാര്യ ഉപദേഷ്ടാവ് സിവിലിയന്‍ ഉദ്യോഗസ്ഥനാണ്. സൈനികവും സൈനികേതരവും നയതന്ത്രപരവും ആഭ്യന്തരസുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ചുമതലയിലാണ്.

മന്ത്രിസഭയ്ക്ക് സൈനികോപദേശം നല്‍കുക എന്നതാണ് സിഡിഎസിന്റെ ചുമതല. ഇതു സുരക്ഷാകാര്യ ഉപദേഷ്ടാവിന്റെ ജോലിയില്‍നിന്നു വ്യത്യസ്തമാണ്. സൈനികകാര്യങ്ങളില്‍ മാത്രമേ, സിഡിഎസ് മന്ത്രിസഭയ്ക്ക് ഉപദേശം നല്‍കുകയുള്ളൂ. 

സംയുക്ത സേനാ മേധാവി 

മൂന്നു സേനാ മേധാവികളുടെയും റാങ്കില്‍ തന്നെയാണ് പുതിയ സിഡിഎസ് നിയമനവും ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. അദ്ദേഹത്തിന് സൈനിക ഓപ്പറേഷനുകളുടെ കാര്യത്തില്‍ കമാന്‍ഡിങ് അധികാരം ഉണ്ടാവില്ല. സേനാമേധാവികളുടെ മേലെയെന്നല്ല, ഒരു ജവാന്റെ മേല്‍ പോലും ഓപ്പറേഷനല്‍ അധികാരമുണ്ടാവില്ല.

അറുപതുകള്‍ മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ആവശ്യമാണ് സംയുക്ത സേനാ മേധാവിയെ സൃഷ്ടിക്കണമെന്നുള്ളതെന്നും സര്‍ക്കാര്‍ നടപടിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധം കഴിഞ്ഞപ്പോള്‍ കെ.സുബ്രഹ്മണ്യം തലവനായ വിദഗ്ധസമിതിയും ആ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ഉപപ്രധാനമന്ത്രി എല്‍.കെ.അഡ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാസമിതിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 2011ല്‍ നരേഷ് ചന്ദ്ര സമിതിയും തുടര്‍ന്ന് ലഫ്റ്റനന്റ് ജനറല്‍ ഷേക്കത്കര്‍ സമിതിയും മുന്നോട്ടുവച്ച സൈനിക പരിഷ്‌കാരമാണിത്.

നിലവില്‍  കരസേനയുടെ ജനറല്‍, നാവികസേനയുടെ അഡ്മിറല്‍, വ്യോമസേനയുടെ എയര്‍ ചീഫ് മാര്‍ഷല്‍  ഫോര്‍ സ്റ്റാര്‍ ഓഫിസര്‍മാരാണ്. അവരുടെ കാറിന്റെ നമ്പര്‍പ്ലേറ്റിനു മുകളിലും യൂണിഫോം കോളറിന്റെ അറ്റത്തും നാലു നക്ഷത്രങ്ങള്‍ വീതമുണ്ടാവും.

സൈന്യത്തിലെ റാങ്ക് ഘടന അനുസരിച്ച് ഇവര്‍ക്കു മുകളില്‍ ഓരോ പഞ്ചനക്ഷത്ര റാങ്കുകളുണ്ട്  കരസേനയ്ക്ക് ഫീല്‍ഡ് മാര്‍ഷല്‍, നാവികസേനയ്ക്ക് അഡ്മിറല്‍ ഓഫ് ദ് ഫ്‌ലീറ്റ്, വ്യോമസേനയ്ക്ക് മാര്‍ഷല്‍ ഓഫ് ദി എയര്‍ ഫോഴ്‌സ്. ഈ റാങ്കുകള്‍ പല വിദേശ സേനകളിലുമുണ്ടെങ്കിലും, ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ നിലവിലില്ല. (കരസേനാ മേധാവികളായിരുന്ന സാം മനേക് ഷായ്ക്കും കെ.എം. കരിയപ്പയ്ക്കും വ്യോമസേനാ മേധാവിയായിരുന്ന അര്‍ജന്‍ സിങ്ങിനും വിരമിക്കലിനു ശേഷം ബഹുമാനസൂചകമായി ഈ പദവി നല്‍കിയിട്ടുണ്ട്).

ഈ പഞ്ചനക്ഷത്ര റാങ്കിലേതെങ്കിലും വഹിക്കുന്ന വ്യക്തിയാവും സിഡിഎസ് എന്ന രീതിയിലാണ് പലരും നിരീക്ഷണങ്ങള്‍ നടത്തിയത്. എന്നാല്‍, സിഡിഎസ് വേണമെന്നാവശ്യപ്പെട്ട മിക്ക സമിതികളും അതല്ല ആവശ്യപ്പെട്ടത്. മൂന്ന് സേനാ മേധാവികളുടെയും തുല്യ റാങ്കിലുള്ള (അതായത് നാലു നക്ഷത്രമുള്ള) നാലാമതൊരു ഉദ്യോഗസ്ഥന്‍ ആവശ്യമാണെന്നു മാത്രമായിരുന്നു നിര്‍ദേശം. നിലവില്‍ കരസേനാ മേധാവിയായ ബിപിന്‍ റാവത്ത് നാല് നക്ഷത്ര റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.

എന്തുകൊണ്ട് വിമര്‍ശനം

സിഡിഎസിനു മൂന്നുതലങ്ങളില്‍ നിന്ന് എതിര്‍പ്പുകളുണ്ടായി. ഒന്ന്, രാഷ്ട്രീയതലത്തില്‍ നിന്ന്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ രാഷ്ട്രീയനേതൃത്വത്തിനു സൈന്യത്തില്‍ വിശ്വാസം കുറവായിരുന്നു. പുതുതായി സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളിലും ജനാധിപത്യഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളം അധികാരം ഏറ്റെടുക്കുന്ന കാലമായിരുന്നു അത്. അതിനാല്‍ ഭരണകാര്യങ്ങളില്‍ നിന്ന് സൈന്യത്തെ കഴിയുന്നത്ര അകറ്റിനിര്‍ത്തുകയാണ് അഭികാമ്യമെന്നായിരുന്നു അടുത്തകാലം വരെ ഭരണകൂടം സ്വീകരിച്ചുവന്ന നയം. മൂന്നു സേനാവിഭാഗത്തിനും പൊതുവായി ഒരു മേധാവി വരുമ്പോള്‍, പട്ടാള അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

സൈന്യത്തില്‍നിന്നു തന്നെ സിഡിഎസിന്  എതിര്‍പ്പ് നേരിടുന്നുണ്ട്. പല വിദഗ്ധസമിതികളും സിഡിഎസ് സംവിധാനത്തിന് അനുകൂലമായി വാദിച്ചെങ്കിലും അടിസ്ഥാനപരമായി വ്യോമസേനയ്ക്ക് ഇതിനോട് എതിര്‍പ്പായിരുന്നു. സിഡിഎസ് സംവിധാനത്തില്‍ കരസേനയ്ക്കു പ്രാമുഖ്യം ലഭിക്കുമെന്നതായിരുന്നു ഇവരുടെ ആശങ്ക. ഈ തടസ്സവാദം അടുത്തകാലത്താണു വ്യോമസേന കൈവെടിഞ്ഞത്.


എന്തിനാണ് നാലാമതൊരാള്‍?

സേനാമേധാവികള്‍ക്കു പ്രധാനമായി രണ്ടു റോളുകളുണ്ട്. 1) സൈന്യത്തിന്റെ ഓപ്പറേഷനല്‍ കമാന്‍ഡര്‍. 2) യുദ്ധതന്ത്ര സിദ്ധാന്തങ്ങളും ദീര്‍ഘകാല ആയുധാവശ്യങ്ങളും തീരുമാനിച്ച് ഭരണകൂടത്തെ ഉപദേശിക്കുന്ന വ്യക്തി. ഈ ഉപദേശം നല്‍കുക നേരിട്ടല്ല. പ്രതിരോധ സെക്രട്ടറി, പ്രതിരോധമന്ത്രി തുടങ്ങിയവരിലൂടെയാണ്. 

ഉന്നത സൈനിക ഉദ്യോഗസ്ഥന്‍തന്നെ മൂന്നു സേനകളുടെയും ആവശ്യങ്ങള്‍ ആരാഞ്ഞ്, അവ തന്റെ വിദഗ്ധ സ്റ്റാഫ് സമിതികളുടെ സഹായത്തോടെ പഠിച്ച് ഭരണകൂടത്തെ നേരിട്ടു ധരിപ്പിക്കുന്ന സംവിധാനമാണു സിഡിഎസിലൂടെ വിഭാവനം ചെയ്യുന്നത്.

നിലവില്‍ ആസൂത്രണം എങ്ങനെ?

നിലവില്‍ 3 മേധാവികളും സൈനികകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമിതിയുണ്ട്  ചീഫ്‌സ് ഓഫ് സ്റ്റാഫ് സമിതി. മൂന്നു പേരിലെ ഏറ്റവും സീനിയര്‍ (ആദ്യം മേധാവിയായ ആള്‍) ഇതിന്റെ ചെയര്‍മാനാകും. സൈന്യത്തിന്റെ നടത്തിപ്പുകാര്യങ്ങളും ഭാവികാര്യങ്ങളും ചര്‍ച്ചചെയ്ത ശേഷം ഇവര്‍ മൂവരുമാണ് ഭരണകൂടത്തെ ധരിപ്പിക്കുക. മൂവര്‍ക്കും പലപ്പോഴും മൂന്നു താല്‍പര്യങ്ങളാവും.

ഇവിടെയാണ് സിഡിഎസിന്റെ റോള്‍. മൂന്നു നിര്‍ദേശങ്ങളുടെയും വിവിധ വശങ്ങള്‍ (പണച്ചെലവു കുറഞ്ഞത്, നടപ്പാക്കാന്‍ എളുപ്പമുള്ളത്, മറ്റു നയതന്ത്രബന്ധങ്ങളെ ബാധിക്കാത്തത്) പഠിച്ച് മികച്ചതു ഭരണകൂടത്തോടു നിര്‍ദേശിക്കുന്ന വ്യക്തിയാവും സിഡിഎസ്. സിഡിഎസ് സ്ഥാപിതമാകുന്നതോടെ സേനാമേധാവികള്‍ സൈന്യത്തിന്റെ ദൈനംദിന നടത്തിപ്പും കമാന്‍ഡ് കാര്യങ്ങളും നോക്കിക്കൊള്ളും. 

എന്തിന് തുല്യ റാങ്കുകാര്‍?

പഞ്ചനക്ഷത്ര റാങ്കില്‍ സിഡിഎസിനെ നിയമിച്ചാല്‍ അദ്ദേഹത്തിന്റെ ഉത്തരവുകള്‍ ചതുര്‍നക്ഷത്ര പദവിയുള്ള സേനാമേധാവികള്‍ അനുസരിച്ചേ മതിയാവൂ. അതാണു സൈനിക കീഴ്‌വഴക്കം. കാലക്രമേണ അതു കമാന്‍ഡിങ് അധികാരമാവും. സേനാവിഭാഗങ്ങളെ സിഡിഎസ് കമാന്‍ഡ് ചെയ്യാന്‍ തുടങ്ങും. അതേസമയം, തുല്യ റാങ്കുകാരാണെങ്കില്‍ തമ്മില്‍ വിയോജിക്കാം, സമന്മാരായി ഇരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. മാത്രമല്ല, സൈന്യത്തിന്റെ കമാന്‍ഡ് (ഓപ്പറേഷനല്‍ ആവശ്യങ്ങള്‍ക്ക്) മേധാവികളില്‍ത്തന്നെ നിക്ഷിപ്തമായിരിക്കും. 

പ്രതിരോധ ചിലവ് കുറക്കാം

മൂന്നു സേനകളുടെയും ആവശ്യങ്ങള്‍ സമന്വയിപ്പിക്കുകയാവും സിഡിഎസിന്റെ മറ്റൊരു പ്രധാന ഉത്തരവാദിത്തം. ഓരോ സേനാവിഭാഗവും അവരവര്‍ക്ക് ആവശ്യമുള്ളതു ചോദിച്ചുവാങ്ങുന്ന സമ്പ്രദായമാണു നിലവിലുള്ളത്. ഇതു പലപ്പോഴും ഇരട്ടിപ്പിനും പാഴ്‌ച്ചെലവിനും വഴിവയ്ക്കുന്നു. അതേസമയം, സിഡിഎസ് സമ്പ്രദായത്തില്‍ മൂന്നു മേധാവികളും ഇക്കാര്യം നാലാമനുമായി സംയുക്തമായി ചര്‍ച്ചചെയ്യും. ഉചിത തീരുമാനമെടുക്കാന്‍ സിഡിഎസിനാവും. ഇതിലൂടെ, പ്രതിരോധച്ചെലവ് കാര്യമായി കുറയ്ക്കാനും സാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com