ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വിശ്വാസമില്ലാതെ പ്രതിപക്ഷ കക്ഷികള്‍; പരാതിയുമായി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നു പ്രതിപക്ഷം ആവശ്യപ്പെടും
ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വിശ്വാസമില്ലാതെ പ്രതിപക്ഷ കക്ഷികള്‍; പരാതിയുമായി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

ന്യൂഡല്‍ഹി; ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തിരിമറി നടത്തിയെന്ന ഗുരുതര ആരോപണം പുറത്തുവന്ന സാഹചര്യത്തില്‍ പരാതിയുമായി പ്രതിപക്ഷ സംഘം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിഎം മെഷീനെക്കുറിച്ച് സംശയം ഉന്നയിച്ച് കമ്മീഷനെ കാണുന്നത്. 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നു പ്രതിപക്ഷം ആവശ്യപ്പെടും. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ യോഗത്തിന്റെ തീരുമാനപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിയോജിപ്പ് അറിയിക്കുക. 

തെരെഞ്ഞെടുപ്പില്‍ ഒന്നാമതും രണ്ടാമതും വരുന്ന സ്ഥാനാര്‍ത്ഥികളുടെ വോട്ട് നിലയിലെ അന്തരം 5% ആണെങ്കില്‍ മുഴുവന്‍ വി വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യവും അംഗങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. യുപിഎ ഘടകകക്ഷികളെ കൂടാതെ എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ടിഡിപി ഇടതു പാര്‍ട്ടികളും പ്രതിപക്ഷ സംഘത്തിലുണ്ടാകും.  

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി, ശരത് പവാര്‍, ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു,  എന്നിവരടക്കം ഇരുപത്തിയൊന്ന് പ്രതിപക്ഷാംഗങ്ങളാണ് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. വോട്ടിംഗ് മെഷീന്റെ സുധാര്യതയില്‍ ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ട്. അതുകൊണ്ട് വി വി പാറ്റ് സംവിധാനം ഉപയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസം ഉറപ്പ് വരുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ ഇവിഎം ഒഴിവാക്കി പഴയ ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകാന്‍ ആകില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com