രാഹുല്‍ പറയുന്നത് അസംബന്ധം; റഫാല്‍ വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചത്: ജി മോഹന്‍ കുമാര്‍

അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരം അസംബന്ധം പറയുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യരുതെന്ന്  മോഹന്‍ കുമാര്‍
രാഹുല്‍ പറയുന്നത് അസംബന്ധം; റഫാല്‍ വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചത്: ജി മോഹന്‍ കുമാര്‍

കൊച്ചി: റഫാല്‍ ഇടപാടിനെക്കുറിച്ച് രാഹുല്‍ ഗാന്ധി പറയുന്നത് തെറ്റായ കാര്യങ്ങളെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍. അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരം അസംബന്ധം പറയുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യരുതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ മോഹന്‍ കുമാര്‍ പറഞ്ഞു.

റഫാല്‍ വിവാദത്തിന്റെ രാഷ്ട്രീയത്തില്‍ തനിക്ക് ഒന്നും പറയാനില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി പറയുന്നത് തെറ്റായ കാര്യങ്ങളാണ്. റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത് എന്നാണ് തോന്നുന്നത്. സര്‍ക്കാരിന്റെ പ്രതിരോധ ഇടപാടിനെക്കുറിച്ച് പ്രസ്താവന നടത്താന്‍ മാത്രമുള്ള വസ്തുതകള്‍ ഒരു കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉണ്ടാവണമെന്നില്ല. റഫാല്‍ ഇടപാടില്‍ സര്‍ക്കാര്‍ അനില്‍ അംബാനിയുമായി കരാറൊന്നും ഉണ്ടാക്കിയിട്ടില്ല. ഫ്രഞ്ച് കമ്പനിയായ ദാസോയാണ് അനില്‍ അംബാനിയുടെ കമ്പനിയുമായി കരാറുണ്ടാക്കിയിട്ടുള്ളത്. അങ്ങനെ കരാറുണ്ടാക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റഫാല്‍ ഇടപാടിനെക്കുറിച്ചു വരുന്ന വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചതാണ്. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയാണ് പല കാര്യങ്ങളും അവതരിപ്പിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയുള്ള അജന്‍ഡ ഇതിനു പിന്നിലുണ്ട്. ഇക്കാര്യത്തില്‍ താന്‍ ആരോടൊപ്പവുമില്ല. പ്രതിരോധ സെക്രട്ടറി എന്ന നിലയില്‍ താന്‍ തന്റെ ജോലി ചെയ്തു. വസ്തുതകള്‍ വളച്ചൊടിക്കുന്നതു കാണുമ്പോള്‍ അതു ചൂണ്ടിക്കാട്ടാനുള്ള അവകാശം തനിക്കുണ്ടെന്ന് മോഹന്‍ കുമാര്‍ പറഞ്ഞു. 

റഫാലില്‍ സുതാര്യമായാണ് കാര്യങ്ങള്‍ നടന്നത്. പല തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പിഎംഒയുമായി ഫ്രാന്‍സ് നേരിട്ടു ചര്‍ച്ചകള്‍ നടത്തി. അതില്‍ തെറ്റൊന്നുമില്ല. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടാവുമ്പോള്‍ പല തലത്തില്‍ ചര്‍ച്ചകള്‍ നടക്കും. ചില കാര്യങ്ങളില്‍ എതിര്‍പ്പുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച് നിബന്ധനകള്‍ അംഗീകരിച്ച ശേഷമാണ് കരാര്‍ ഒപ്പിട്ടത്- മോഹന്‍ കുമാര്‍ പറഞ്ഞു.

ചര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പ്രതിരോധ മന്ത്രാലയത്തിന് വിയോജിപ്പുകളുണ്ടായിരുന്നു. അതു സ്വാഭാവികമാണ്. ഇത്തരമൊരു വലിയ പ്രതിരോധ ഇടപാടില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടാവും. പിഎംഒയും മന്ത്രാലയവും സമവായത്തില്‍ എത്തിയ ശേഷമാണ് കരാര്‍ ഒപ്പിട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. 

ഇടപാട് അനാവശ്യമായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് വിവാദങ്ങള്‍. ഇടപാട് അനുസരിച്ച് വിമാനത്തിനു വില കൂടിയത് സാധുവായ കാരണങ്ങള്‍ കൊണ്ടാണ്. 2007ലാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ 126 വിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. എകെ ആന്റണിയുടെ കാലത്തായിരുന്നു അത്. എന്നാല്‍ യുപിഎ ഭരണത്തില്‍ പിന്നീട് ഒന്നും നടന്നില്ല. മോദി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് ഇടപാടില്‍ ചര്‍ച്ചകള്‍ നടന്നത്. 126 വിമാനം എന്നത് മോദി സര്‍ക്കാര്‍ 148 ആക്കി. 36 എണ്ണം ഫ്രാന്‍സില്‍ നിര്‍മിച്ചു വാങ്ങാനും ശേഷിച്ചത് ഇന്ത്യയില്‍ നിര്‍മിക്കാനുമാണ് കരാര്‍. 36 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിലൂടെ വില 41.42 ശതമാനം ഉയര്‍ന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്- മോഹന്‍ കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com