ചന്ദാ കൊച്ചാറിനെതിരെ ലുക്കൗട്ട് നോട്ടീസ്; വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം

വീഡിയോ കോണിന് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന മുന്‍ മേധാവി ചന്ദാ കൊച്ചാറിന് എതിരെ ലുക്കൗട്ട് നോട്ടീസ്
ചന്ദാ കൊച്ചാറിനെതിരെ ലുക്കൗട്ട് നോട്ടീസ്; വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം

ന്യൂഡല്‍ഹി: വീഡിയോ കോണിന് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന മുന്‍ മേധാവി ചന്ദാ കൊച്ചാറിന് എതിരെ ലുക്കൗട്ട് നോട്ടീസ്. രാജ്യം വിട്ട് പോകുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും സിബിഐ ജാഗ്രതാനിര്‍ദേശം നല്‍കി.

ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ എംഡി വേണുഗോപാല്‍ ദൂത് എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി 1875 കോടി രൂപയുടെ വായ്പ വീഡിയോകോണ്‍ ഗ്രൂപ്പിന് അന്യായമായി നല്‍കി ഐസിഐസിഐ ബാങ്കിനെ കബളിപ്പിച്ചു എന്നതാണ് ചന്ദാ കൊച്ചാറിനെതിരായ സിബിഐ കേസ്. ജൂണ്‍ 2009നും ഒക്ടോബര്‍ 2011 നും ഇടയില്‍ ആറു വായ്പകളിലായാണ് ഇത്രയും ഉയര്‍ന്ന തുക വീഡിയോകോണ്‍ ഗ്രൂപ്പിന് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട് ജനുവരി 22നാണ് ചന്ദ കൊച്ചാറിനെതിരെ കേസെടുത്തത്. 

ചന്ദാ കൊച്ചാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുതുക്കിയത്. നേരത്തെ ഐസിഐസിഐ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ദീപക് കൊച്ചാറിനും വേണുഗോപാല്‍ ദൂതിനും എതിരെ ലുക്കൗട്ട്
നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് ഭേദഗതി ചെയ്താണ് ചന്ദാ കൊച്ചാറിനെയും ഉള്‍പ്പെടുത്തിയത്.

2008 ഡിസംബറില്‍ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ദൂതും ചേര്‍ന്ന് നുപവര്‍ റിന്യൂവബിള്‍സ് എന്ന പേരില്‍ പാരമ്പര്യേതര ഊര്‍ജ കമ്പനിയുണ്ടാക്കി. ഇതില്‍ ഇരുകൂട്ടര്‍ക്കും തുല്യപങ്കാളിത്തമായിരുന്നു. 2012ല്‍ ഇരുപതോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വീഡിയോകോണ്‍ 40,000 കോടി രൂപയുടെ കടമെടുത്തു. ഇതില്‍ 3,250 കോടി രൂപ നല്‍കിയത് ഐസിഐസിഐ ബാങ്കായിരുന്നു. ഈ വായ്പാ ഇടപാട് നടന്ന് ആറ് മാസങ്ങള്‍ക്കു ശേഷം നുപവര്‍ റിന്യൂവബിള്‍സില്‍ ദീപക് കൊച്ചാര്‍ ഭൂരിപക്ഷം ഓഹരികളുടെ ഉടമയായി. ഈ ഇടപാടാണ് അന്വേഷണ നിഴലിലായത്. എന്നാല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചന്ദാ കൊച്ചാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ തട്ടിപ്പ് വ്യക്തമായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com