നൂറു കമ്പനി അര്‍ധ സൈനികര്‍ കൂടി കശ്മീരിലേക്ക്; നടപടികള്‍ ശക്തമാക്കി സര്‍ക്കാര്‍

ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഹമീദ് ഫയാസ്, ജെകെഎല്‍എഫ് നേതാവ് യാസീന്‍ മാലിക് എന്നിവര്‍ ഉള്‍പ്പടെ പന്ത്രണ്ടു പേരെ കരുതല്‍ തടങ്കലില്‍ എടുത്തതിനു പിന്നാലെയാണ് നടപടി
നൂറു കമ്പനി അര്‍ധ സൈനികര്‍ കൂടി കശ്മീരിലേക്ക്; നടപടികള്‍ ശക്തമാക്കി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കശ്മീരില്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നൂറു കമ്പനി അര്‍ധന സൈനികരെക്കൂടി ശ്രീനഗറില്‍ എത്തിച്ചു. ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഹമീദ് ഫയാസ്, ജെകെഎല്‍എഫ് നേതാവ് യാസീന്‍ മാലിക് എന്നിവര്‍ ഉള്‍പ്പടെ പന്ത്രണ്ടു പേരെ കരുതല്‍ തടങ്കലില്‍ എടുത്തതിനു പിന്നാലെയാണ് നടപടി.

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള പന്ത്രണ്ടു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനു പിന്നാലെയാണ് ഫയാസും യാസീന്‍ മാലിക്കും ഉള്‍പ്പെടെയുള്ള നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്. ഇതിനെതിരെ പ്രതികരണം ശക്തമാവാനിടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നൂറു കമ്പനി അര്‍ധ സൈനികരെക്കൂടി താഴ്വരയില്‍ എത്തിയിച്ചിരിക്കുന്നത്.

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ ജമാഅത്തെ ഇസ്ലാമി രംഗത്തുവന്നിട്ടുണ്ട്. പ്രവര്‍ത്തകരുടെ അറസ്റ്റും നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതും അണിയറയില്‍ എന്തൊക്കെയോ നടക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് ജമാഅത്ത് വക്താവ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേകാവകാശം അനുവദിക്കുന്ന ഭരണഘടനയുടെ മുപ്പത്തിയഞ്ചാം അനുച്ഛേദത്തിന് വിരുദ്ധമായ ഒന്നും കശ്മീരി ജനത അംഗീകരിക്കില്ലെന്ന് വക്താവ് അഭിപ്രായപ്പെട്ടു.

കശ്മീരില്‍ അതീവ ജാഗ്രത പാലിക്കാന്‍ സൈനിക വിഭാഗങ്ങള്‍ക്കും പൊലീസിനും നിര്‍ദശം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിഘടനവാദി നേതാക്കളുടെ പ്രത്യോക സുരക്ഷാ സംവിധാനം ഈയാഴ്ച ആദ്യം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാപകമായ റെയ്ഡു നടത്തിയതും നേതാക്കളെ കരുതല്‍ തടങ്കലില്‍ എടുത്തതും. ഇതില്‍ പ്രതിഷേധിച്ച് പ്രത്യാക്രമണത്തിനു  സാധ്യതയുണ്ടെന്നാണ് സുരക്ഷാ വിഭാഗം വിലയിരുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com