പുല്‍വാമ ഭീകരാക്രമണം: സ്‌ഫോടനം നടത്തിയ വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു, ജെയ്‌ഷെ മുഹമ്മദിലെ അംഗം 

കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് സേനാവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റി സ്‌ഫോടനം നടത്തിയ വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു
പുല്‍വാമ ഭീകരാക്രമണം: സ്‌ഫോടനം നടത്തിയ വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു, ജെയ്‌ഷെ മുഹമ്മദിലെ അംഗം 

ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് സേനാവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റി സ്‌ഫോടനം നടത്തിയ വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു. അനന്ത്‌നാഗ് സ്വദേശിയായ സജ്ജാദ് ഭട്ടിന്റേതാണ് വാഹനം. ഇയാള്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗമാണെന്ന് എന്‍ഐഎ വ്യക്തമാക്കി. ഇയാളെ കണ്ടെത്തുന്നതിനുളള തെരച്ചില്‍ നടക്കുന്നതായി എന്‍ഐഎ അറിയിച്ചു.

സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ വാഹനാവിശിഷ്ടങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏത് വാഹനമാണ് ഭീകരാക്രമണത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരുടെയും ഓട്ടോമൊബൈല്‍ വിദഗ്ധരുടെയും സഹായത്തോടെ ഭീകരാക്രമണത്തിന് ഉപയോഗിച്ച മിനി വാന്‍ ആയ മാരുതി ഇക്കോയുടെ ഉടമയെ കണ്ടെത്തുകയായിരുന്നു. 2011ല്‍ അനന്ത്‌നാഗിലെ ഹെവന്‍ കോളനിയില്‍ താമസിച്ചിരുന്ന വ്യക്തിക്കാണ് ഈ വാഹനം വിറ്റത്. തുടര്‍ന്ന് ഏഴുതവണ കൈമാറി സജ്ജാദ് ഭട്ടിന്റെ കൈയില്‍ വാഹനം എത്തുകയായിരുന്നു. ഭീകരാക്രമണത്തിന് പത്ത് ദിവസം മുന്‍പാണ് ഈ വാഹനം ഇയാളുടെ കൈവശം എത്തുന്നത്.ഫെബ്രുവരി 23ന് സജ്ജാദ് ഭട്ടിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് എന്‍ഐഎ വ്യക്തമാക്കി.

ഫെബ്രുവരി 14നാണ് രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടന്നത്. 40 സിആര്‍പിഎഫ് ജവാന്മരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com