വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആക്രമണം; രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു

പാര്‍ട്ടി എംഎല്‍എയ്ക്ക് പിന്നാലെ മറ്റൊരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാളില്‍ വെടിയേറ്റ് മരിച്ചു
വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആക്രമണം; രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു

കൊല്‍ക്കത്ത: പാര്‍ട്ടി എംഎല്‍എയ്ക്ക് പിന്നാലെ മറ്റൊരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാളില്‍ വെടിയേറ്റ് മരിച്ചു. ദാരിയ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന നാസ്‌കറിന്റെ ഭര്‍ത്താവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തിക് നാസ്‌കറാണ് കൊല്ലപ്പെട്ടത്. മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകനും സമാനമായനിലയില്‍ കഴിഞ്ഞദിവസം പ്രദേശത്ത് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. അജ്ഞാതരായ ഒരു സംഘം ആളുകള്‍ കാര്‍ത്തിക് നാസ്‌കറിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്‍പെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.അതേസമയം കാര്‍ത്തിക് നാസ്‌കറിന്റെ ബൈക്കിന്റെ പിന്നില്‍ യാത്ര ചെയ്തിരുന്ന ആള്‍ സംഭവത്തിന് പിന്നാലെ കാണാതായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

കാര്‍ത്തിക് നാസ്‌കര്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് കഴിഞ്ഞദിവസം തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സൂറത്ത് അലി മണ്ടല്‍ സമാനമായ നിലയില്‍ വെടിയേറ്റ് മരിച്ചതായി പൊലീസ് പറയുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയായ സത്യജിത്ത് വിശ്വാസ് വെടിയേറ്റ് മരിച്ചത്. സരസ്വതി പൂജയില്‍ പങ്കെടുക്കുമ്പോഴാണ് അജ്ഞാതരുടെ വെടിയേറ്റ് വിശ്വാസ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അന്ന് ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com