സംഝോത എക്‌സ്പ്രസ് നിര്‍ത്തുന്നതായി പാക് പ്രഖ്യാപനം, സംഘര്‍ഷം മുറുകുന്നു; കേന്ദ്രമന്ത്രിസഭാ യോഗം വൈകിട്ട് ഏഴിന്

ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സംഝോത എക്‌സ്പ്രസിന്റെ സര്‍വീസ് നിര്‍ത്തിവച്ചതായി പാക് ടെലിവിഷന്‍ ചാനലായ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു
സംഝോത എക്‌സ്പ്രസ് നിര്‍ത്തുന്നതായി പാക് പ്രഖ്യാപനം, സംഘര്‍ഷം മുറുകുന്നു; കേന്ദ്രമന്ത്രിസഭാ യോഗം വൈകിട്ട് ഏഴിന്

ലഹോര്‍/ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. മുന്നറിയിപ്പില്ലാതെ സര്‍വീസ് നിര്‍ത്തിയതോടെ ഇന്ത്യയിലേക്കുള്ള നിരവധി യാത്രക്കാര്‍ ലഹോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങി. 

ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സംഝോത എക്‌സ്പ്രസിന്റെ സര്‍വീസ് നിര്‍ത്തിവച്ചതായി പാക് ടെലിവിഷന്‍ ചാനലായ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചയില്‍ രണ്ടു ദിവസം ഇ്ന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണ് സംഝോത എക്‌സ്പ്രസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സംഝോത സര്‍വീസ് തുടങ്ങിയത്.

ന്യൂഡല്‍ഹിയില്‍നിന്ന് ലഹോറിലേക്കുള്ള സംഝോത എക്‌സ്പ്രസ് ബുധനാഴ്ച രാത്രി പുറപ്പെട്ടിരുന്നു. ഈ സര്‍വീസ് ഇപ്പോള്‍ അട്ടാരിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പാകിസ്ഥാന്‍ സര്‍വീസ് നിര്‍ത്തുകയാണെന്ന പശ്ചാത്തലത്തില്‍ ഭരണതലത്തിലെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍. അതിര്‍ത്തിയില്‍ കുടുങ്ങിയ യാത്രക്കാരെ ബസില്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ നടപടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. 

അതിനിടെ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിസഭ ഇന്നു വൈകിട്ട് ഏഴിന് യോഗം ചേരും. ഇന്ത്യന്‍ പൈലറ്റ് പാക് പിടിയിലായ പശ്ചാത്തലത്തില്‍  പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരുന്ന യോഗത്തിന് ഏറെ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.  ഇതിനു മുമ്പായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയും യോഗം ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com