അമേഠിയും റായ്ബറേലിയും പിടിക്കാന്‍ ബിജെപി; വാരാണസിയില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്: കര്‍ഷക റാലിയുമായി രാഹുല്‍ മോദിയുടെ മണ്ഡലത്തിലേക്ക്

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് പുതു തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് ബിജെപിയും കോണ്‍ഗ്രസും.
അമേഠിയും റായ്ബറേലിയും പിടിക്കാന്‍ ബിജെപി; വാരാണസിയില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്: കര്‍ഷക റാലിയുമായി രാഹുല്‍ മോദിയുടെ മണ്ഡലത്തിലേക്ക്

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് പുതു തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് ബിജെപിയും കോണ്‍ഗ്രസും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലം റായ്ബറേലിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലം അമേഠിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപി നീക്കം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കോണ്‍ഗ്രസ് നീക്കം. 

വാരാണസിയില്‍ കാലുറപ്പിക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശിലും രാജസ്ഥാനിലും പയറ്റി തെളിഞ്ഞ കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ കര്‍ഷക യാത്ര നടത്താനാണ് തീരുമാനം. രാഹുല്‍ ഗാന്ധി യാത്രയില്‍ പങ്കെടുക്കും. 2017ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു രാഹുല്‍ അവസാനമായി മണ്ഡലം സന്ദര്‍ശിച്ചത്. 

കര്‍ഷകരെ പിന്തുണയ്ക്കാനായി ഫെബ്രുവരിയില്‍ രാഹുല്‍ വാരാണസിയിലെത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രാജേഷ് മിശ്ര പറഞ്ഞു.അമേഠിയിലും റായ്ബറേലിയിലും അധികം ശ്രദ്ധ ചെലുത്തുന്ന ബിജെപിയുടെ തന്ത്രം കോണ്‍ഗ്രസ് തിരിച്ചു പയറ്റിയിരിക്കുകയാണ്. അമേഠിയില്‍ നിന്ന് കഴിഞ്ഞ പ്രാവശ്യം തോറ്റുപോയെങ്കിലും രാഹുലിന് എതിരെ കടുത്ത പ്രചാരണങ്ങളുമായി ഇടയ്ക്കിടെ സ്മൃതി ഇറാനി മണ്ഡലത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. 

സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെത്തിയ പ്രധാനമന്ത്രി, ഒരുപിടി വികസന പദ്ധതികളാണ് പ്രഖ്യാപിച്ചത്. മണ്ഡലങ്ങളില്‍ ജനപ്രതിനിധികള്‍ക്കെതിരെ വികാരം നിലനില്‍ക്കുന്നുണ്ടെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. 

നേരത്തെ റായ്ബറേലി സന്ദര്‍ശിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കുടുംബ ഭരണം അവസാനിപ്പിക്കാനും വികനസത്തിന് വോട്ട് ചെയ്യാനും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്റെ എംപി ഫണ്ടില്‍ നിന്ന് ഒരു തുക മണ്ഡലത്തിന്റെ വികസനത്തിനായി നല്‍കുന്നതായും പ്രഖ്യാപിച്ചു. സോണിയയുടെ മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്നാണ് ബിജെപിയുടെ പ്രധാന പ്രചാരണം. 

അതേസമയം അമേഠിയില്‍ നിന്ന് സ്ഥിരം മത്സരിക്കുന്ന രാഹൂല്‍ ഗാന്ധി ഇത്തവണ മറ്റൊരു മണ്ഡലത്തിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹവും നിലനില്‍ക്കുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് ശക്തിപ്രദേശമായ ബിദാനില്‍ നിന്ന് രാഹുല്‍ ജനവിധി തേടുമെന്നും പ്രചാരണമുണ്ട്. എന്നാല്‍ ഇത് നിഷേധിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com