മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഐഎസ്ആര്‍ഒ; ദൗത്യം 2021ല്‍,  നേതൃത്വം കൊടുക്കാന്‍ മലയാളി 

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗന്‍യാന്‍ 2021 ഡിസംബറില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഐഎസ്ആര്‍ഒ; ദൗത്യം 2021ല്‍,  നേതൃത്വം കൊടുക്കാന്‍ മലയാളി 

ബംഗലൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗന്‍യാന്‍ 2021 ഡിസംബറില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ. ഇതിന്റെ ചെലവിനായി 10,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു.മലയാളിയായ ഉണ്ണികൃഷ്ണന്‍ നായര്‍ക്കാണ് ദൗത്യത്തിന്റെ ചുമതല.

ഗഗന്‍യാന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ രംഗത്ത് ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുമെന്നും കെ ശിവന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആര്‍ഒയുടെ ദൗത്യം പ്രഖ്യാപിച്ചത്. ഗഗന്‍യാന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ റഷ്യ, ഫ്രാന്‍സ് എന്നി രാജ്യങ്ങളുടെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്. നിലവില്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഐഎസ്ആര്‍ഒയുടെ മുന്നോട്ടുളള യാത്രയില്‍ വലിയ വഴിത്തിരിവാകുമെന്നും ശിവന്‍ പറഞ്ഞു.

ഇതൊടൊപ്പം രണ്ട് ആളില്ലാ ദൗത്യവും വരുംനാളുകളില്‍ ഐഎസ്ആര്‍ഒ നിര്‍വഹിക്കും. യഥാക്രമം 2020 ഡിസംബര്‍, 2021 ജൂലൈ എന്നി കാലയളവില്‍ ദൗത്യം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഗഗന്‍യാനിന്റെ പ്രാരംഭ പരിശീലനം ഇന്ത്യയില്‍ വച്ചുതന്നെ നടക്കും. വിദഗ്ധ പരിശീലനം റഷ്യയില്‍ വച്ചു നടത്താനാണ് ഉദ്ദേശിക്കുന്നത്. ഗഗന്‍യാന്‍ ദൗത്യത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. അതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശിവന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com