രാഹുല്‍ ദുബായില്‍, ഹൃദ്യമായ വരവേല്‍പ്, യുഎഇ പര്യടനം ഇന്നു തുടങ്ങും 

യു.എ.ഇ. സന്ദര്‍ശനത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ദുബായ് വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പ്
രാഹുല്‍ ദുബായില്‍, ഹൃദ്യമായ വരവേല്‍പ്, യുഎഇ പര്യടനം ഇന്നു തുടങ്ങും 

ദുബായ്: യു.എ.ഇ. സന്ദര്‍ശനത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ദുബായ് വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പ്.
വ്യാഴാഴ്ച വൈകീട്ട് ഏഴോടെ വിമാനത്താവളത്തിലെ ടെര്‍മിനലിന് മൂന്നിലെത്തിയ രാഹുലിനെ മജ്‌ലിസില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി., കെ. സുധാകരന്‍, എം.പി.മാരായ എം.കെ. രാഘവന്‍, ആന്റോ ആന്റണി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. തുടങ്ങിയവര്‍ചേര്‍ന്നാണ് സ്വീകരിച്ചത്.

രാഹുലിന് സ്വാഗതം എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി കുട്ടികളുള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പുറത്ത് കാത്തുനിന്നിരുന്നു. കരഘോഷങ്ങളോടെ ഇവര്‍ രാഹുലിനെ വരവേറ്റു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിട്രോഡയും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

വെള്ളിയാഴ്ച തുടങ്ങുന്ന യു.എ.ഇ. പര്യടനത്തിനായി വലിയ ഒരുക്കങ്ങളും പ്രചാരണങ്ങളുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിവരുന്നത്. വന്‍ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനമാണ് രാഹുലിന്റെ പ്രധാന പരിപാടി.ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'ഇന്ത്യ എന്ന ആശയം' എന്ന സന്ദേശത്തോടെയുള്ള സാംസ്‌കാരികപരിപാടിയാണ് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുക. ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി.) ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. കാലത്ത് പത്തിന് ദുബായ് ജബല്‍അലിയിലെ ഒരു ലേബര്‍ ക്യാമ്പ് സന്ദര്‍ശനത്തോടെയാണ് യു.എ.ഇ. പര്യടനത്തിന്റെ തുടക്കം.

ശനിയാഴ്ച ദുബായില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഒരു സംഘത്തോട് രാഹുല്‍ സംസാരിക്കും. തുടര്‍ന്ന് അബുദാബിയിലേക്ക് പോകും. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് ഗ്രൂപ്പ് ഒരുക്കുന്ന മുഖാമുഖം, ശൈഖ് സായിദ് പള്ളി സന്ദര്‍ശനം എന്നിവയാണ് പ്രധാന പരിപാടികള്‍. ഞായറാഴ്ച ഷാര്‍ജയിലെ ഒരു പരിപാടിയിലും അദ്ദേഹം സംബന്ധിക്കുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com