ബെഹ്‌റ പുറത്ത് ?; സിബിഐ മേധാവിക്കായി തിരക്കിട്ട ചര്‍ച്ചകള്‍ ; സുബോധ് കുമാര്‍ ജയ്‌സ്വാള്‍, ഒപി സിംഗ്, വൈ സി മോഡി എന്നിവര്‍ പരിഗണനയില്‍

കേന്ദ്ര പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് മന്ത്രാലയം സിബിഐ ഡയറക്ടര്‍ക്കായി 10 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി
ബെഹ്‌റ പുറത്ത് ?; സിബിഐ മേധാവിക്കായി തിരക്കിട്ട ചര്‍ച്ചകള്‍ ; സുബോധ് കുമാര്‍ ജയ്‌സ്വാള്‍, ഒപി സിംഗ്, വൈ സി മോഡി എന്നിവര്‍ പരിഗണനയില്‍

ന്യൂഡല്‍ഹി : അലോക് കുമാര്‍ വര്‍മ്മയുടെ പിന്‍ഗാമിയായി സിബിഐയുടെ പുതിയ മേധാവിയെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്. കേന്ദ്ര പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് മന്ത്രാലയം സിബിഐ ഡയറക്ടര്‍ക്കായി 10 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതായാണ് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പട്ടികയില്‍ നിന്നും കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഒഴിവാക്കിയതായും സൂചനയുണ്ട്. 

ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള സീനിയര്‍ ഐപിഎസ് ഓഫീസര്‍മാരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. 1983,84,85 ബാച്ചിലുള്ള ഓഫീസര്‍മാരാണ് പരിഗണനയിലുള്ളത്. മുംബൈ പൊലീസ് കമ്മീഷണര്‍ സുബോധ് കുമാര്‍ ജയ്‌സ്വാള്‍, ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിംഗ്, ദേശീയ അന്വേഷണ മേധാവി (എന്‍ഐഎ) വൈ സി മോഡി എന്നിവരാണ് പട്ടികയില്‍ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. 

ആഭ്യന്തരമന്ത്രാലയത്തിലെ ആഭ്യന്തരസുരക്ഷ വിഭാഗം സ്‌പെഷല്‍ സെക്രട്ടറി റിന മിത്ര, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്ട്‌നാഗര്‍, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ സുദീപ് ലഖ്താകിയ, ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് മേധാവി എ പി മഹേശ്വരി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിമിനോളജി ആന്റ് ഫൊറന്‍സിക് സയന്‍സസ് മേധാവി എസ് ജാവേദ് അഹമ്മദ്, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രജനീകാന്ത് മിശ്ര, ഇന്ത്-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് മേധാവി എസ്.എസ് ദേസ്വാള്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് ഐപിഎസുകാര്‍. 

സുബോധ് കുമാര്‍ ജയ്‌സ്വാള്‍, വൈ സി മോഡി
സുബോധ് കുമാര്‍ ജയ്‌സ്വാള്‍, വൈ സി മോഡി

1985 ബാച്ച് ഓഫീസറായ സുബോധ് കുമാര്‍ ജയ്‌സ്വാള്‍, മുമ്പ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജൻസിയായ റോയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര് കാബിനറ്റ് സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1983 ബാച്ച് ഉദ്യോഗസ്ഥരാണ് റിന മിത്രയും, ഒപി സിംഗും, രാജീവ് രായ് ഭട്‌നാഗറും. റിന മിത്രയും എന്‍ഐഎ മേധാവി വൈ സി മോഡിയും സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്. 

സീനിയോറിട്ടി, അഴിമതി കേസുകളുടെ അന്വേഷണത്തിലെ പ്രാഗത്ഭ്യം, സിബിഐയിലെ മുന്‍പരിചയം, വിജിലന്‍സ് കേസുകള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പേഴ്‌സണല്‍ മന്ത്രാലയം പരിശോധിച്ചു വരികയാണ്. ഇപ്പോള്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്നും മൂന്നോ നാലോ പേരുടെ പേരുകളാകും പേഴ്‌സണല്‍ മന്ത്രാലയം അന്തിമ ലിസ്റ്റായി സെലക്ഷന്‍ സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കുക എന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ഉന്നത തല സെലക്ഷന്‍ സമിതിയാണ് പുതിയ സിബിഐ മേധാവിയെ തെരഞ്ഞെടുക്കുന്നത്. സിബിഐ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ഡിസംബറില്‍ 17 ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക പേഴ്‌സണല്‍ മന്ത്രാലയത്തിന് നല്‍കിയിരുന്നു.

ഇതില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പുതിയ പട്ടികയില്‍ ബെഹ്‌റയെ ഒഴിവാക്കിയിരിക്കുകയാണ്. അലേക് വര്‍മ്മയുടെ കാലാവധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ, കഴിഞ്ഞ ദിവസം അദ്ദേഹത്തെ സിബിഐയില്‍ നിന്നും ഫയര്‍ സര്‍വീസിലേക്ക് മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വര്‍മ്മ രാജിവെക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com