പോണ്‍ നിരോധനം പാളി? അശ്ലീല സൈറ്റുകളിലേക്കുള്ള 'ഇടിച്ചുകയറ്റം' തുടരുന്നു; ട്രാഫിക്കില്‍ വര്‍ധനയെന്നു റിപ്പോര്‍ട്ട്‌

നിരോധിച്ച 827 അശ്ലീല സൈറ്റുകളില്‍ 345 എണ്ണവും ഇപ്പോഴും ലഭ്യമാണെന്ന് അനാലിസിസ് പറയുന്നു. ഹൈപര്‍ടെക്സ്റ്റ് പ്രോട്ടോക്കോള്‍ സെക്യര്‍ ലിങ്ക് നല്‍കിയാല്‍ ഈ സൈറ്റുകളിലേക്ക് എളുപ്പത്തില്‍ കയറാം.
പോണ്‍ നിരോധനം പാളി? അശ്ലീല സൈറ്റുകളിലേക്കുള്ള 'ഇടിച്ചുകയറ്റം' തുടരുന്നു; ട്രാഫിക്കില്‍ വര്‍ധനയെന്നു റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിലെ 827 അശ്ലീല സൈറ്റുകള്‍ നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഫലപ്രദമായേക്കില്ലെന്ന് റിപ്പോര്‍ട്ട്. വിലക്കേര്‍പ്പെടുത്തിയിട്ടില്ലാത്ത 441 സൈറ്റുകളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സെര്‍ച്ചുകള്‍ കൂടുതലായി എത്തുന്നുവെന്നാണ് വെബ് അനലറ്റിക്‌സ് ഡാറ്റയില്‍ നിന്നും വ്യക്തമാകുന്നത്.

നിരോധിച്ച 827 അശ്ലീല സൈറ്റുകളില്‍ 345 എണ്ണവും ഇപ്പോഴും ലഭ്യമാണെന്ന് അനാലിസിസ് പറയുന്നു. ഹൈപര്‍ടെക്സ്റ്റ് പ്രോട്ടോക്കോള്‍ സെക്യര്‍ ലിങ്ക് നല്‍കിയാല്‍ ഈ സൈറ്റുകളിലേക്ക് എളുപ്പത്തില്‍ കയറാം. നിരോധനം പ്രാബല്യത്തില്‍ വന്നപ്പോള്‍ തന്നെ ഉപയോക്താക്കള്‍ക്കായി ഇത്തരം സൈറ്റുകള്‍ പുതിയ ഡൊമൈന്‍ നല്‍കിയെന്നതാണ് മറ്റൊരു വസ്തുത. ഇതോടെ നിരോധനത്തിന് ശേഷം മാറിയ ഡൊമെയിനുകളിലേക്ക് എഴുപത് ലക്ഷത്തിലേറെ വിസിറ്റുകള്‍ രണ്ട് മാസം കൊണ്ട് ഉണ്ടായിട്ടുണ്ട്. 

സ്ഥലവും മറ്റ് തിരിച്ചറിയല്‍ മാര്‍ഗ്ഗങ്ങളും മറച്ചു വച്ചുകൊണ്ട് പോണ്‍ തിരയുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ശരാശരി ഉണ്ടാവുന്നതിന്റെ രണ്ടിരട്ടിയോളം വര്‍ധനയാണ് ഇങ്ങനെ ഉണ്ടായിട്ടുള്ളത്.  നിരോധിക്കപ്പെടാത്ത സൈറ്റുകളിലേക്കും പ്രോക്‌സി സെര്‍വറുകള്‍ വഴിയും 150 കോടിയിലേറെ വിസിറ്റുകളാണ് ജനുവരിക്കും ഒക്ടോബറിലും ഉണ്ടായത്.  നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഇത് മുക്കാല്‍ കോടിയിലേക്ക് താഴ്ന്നിട്ടുണ്ട്. 

നിരോധനത്തിന് ശേഷം പ്രോക്‌സി വഴി പോണ്‍ തിരയുന്നവരുടെ എണ്ണം 10 മടങ്ങ് വര്‍ധിച്ചതായി ഗൂഗിള്‍ ട്രെന്‍ഡ്‌സിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. സജീവമായി അപ്‌ഡേറ്റ് നടക്കുന്ന ഒരു ലക്ഷത്തോളം അശ്ലീല സൈറ്റുകള്‍ ഇന്റര്‍നെറ്റിലുണ്ടെന്നാണ് ഫില്‍ട്ടര്‍നെറ്റിന്റെ കണക്ക്. നിരോധിച്ചിട്ടില്ലാത്ത 441 വെബ് സൈറ്റുകളിലേക്ക് ഇരുന്നൂറ് കോടിയിലേറെ വിസിറ്റുകളാണ് ഇന്ത്യയില്‍ നിന്നുണ്ടായത്. ഇന്റര്‍നെറ്റിലെ അശ്ലീലസൈറ്റുകള്‍ തിരയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

2018 ഒക്ടോബറില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെ ഭാഗമായാണ് പോണ്‍ സൈറ്റുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങിയത്. പോണ്‍ കാണുന്നത് ലൈംഗിക അക്രമം നടത്താനുള്ള പ്രേരണ വര്‍ധിപ്പിക്കുമെന്ന കാരണത്താലാണ് നിരോധനം കൊണ്ടുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com