ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും സ്വകാര്യ കമ്പനികള്‍ക്ക്; ചര്‍ച്ച തുടങ്ങിയതായി റെയില്‍വേ

സെന്റര്‍ ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസേര്‍ച്ച് മാനേജ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ റെയില്‍വേ ബോര്‍ഡ് അംഗം ഗിരീഷ് പിള്ളയാണ് ഈ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 
ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും സ്വകാര്യ കമ്പനികള്‍ക്ക്; ചര്‍ച്ച തുടങ്ങിയതായി റെയില്‍വേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ സ്വകാര്യവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി അധികൃതര്‍. ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് ഉള്‍പ്പെടെ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സെന്റര്‍ ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസേര്‍ച്ച് മാനേജ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ റെയില്‍വേ ബോര്‍ഡ് അംഗം ഗിരീഷ് പിള്ളയാണ് ഈ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും അതിന്റെ നിരക്ക് നിശ്ചയിക്കുന്നതും സ്വകാര്യ കമ്പനികളെ ഏല്‍പിക്കുന്നതിനെക്കുറിച്ച് വിദഗ്ധരുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചനകള്‍ നടന്നുവരുകയാണെന്നും റെയില്‍വേ ബോര്‍ഡ് അംഗം അറിയിച്ചു.  

'ലോകവ്യാപകമായി ട്രെയിന്‍ സര്‍വീസ് നടത്തിപ്പില്‍ വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ഇന്ത്യയും ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ സമയമായിരിക്കുന്നു. നിരക്ക് നിശ്ചയിക്കാന്‍ അധികാരം നല്‍കുന്നതും ടെര്‍മിനലുകളുടെ നിര്‍മാണവും സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച പുരോഗമിക്കുകയാണ്'- അദ്ദേഹം വ്യക്തമാക്കി. 

ചരക്ക് തീവണ്ടി സര്‍വീസും യാത്രാ തീവണ്ടി മേഖലയും തമ്മില്‍ വിഭജിക്കേണ്ടതുണ്ട്. ഏതാനും ട്രെയിനുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ട്രെയിന്‍ സര്‍വീസുകള്‍ നഷ്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്കിലും ചരക്ക് കൂലിയിലും മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. 

രാജ്യത്ത് ഇതിനോടകം 50 സ്വകാര്യ ചരക്ക് ടെര്‍മിനലുകള്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. അമേരിക്കയില്‍ 25 ശതമാനം വാഗണുകളും കണ്ടെയ്‌നര്‍ സര്‍വീസും മാത്രമാണ് പൊതുമേഖലയിലുള്ളത്. അവിടെ 75 ശതമാനം സര്‍വീസും സ്വകാര്യ മേഖലയാണ് നടത്തുന്നത്. റഷ്യയില്‍ സര്‍ക്കാരിന് ട്രെയിന്‍ സര്‍വീസ് മേഖലയില്‍ പങ്കാളിത്തം പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com