മോദിയെയും ഭാരതമാതാവിനെയും അപമാനിക്കുന്ന ചിത്രങ്ങള്‍; ലയോള കോളജിന് എതിരെ പ്രതിഷേധം: രക്തം തിളയ്ക്കുന്നെന്ന് ബിജെപി

തമിഴ്‌നാട്ടിലെ പ്രശ്‌സ്തമായ ലയോള കോളജിന് നേരെ  തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം
മോദിയെയും ഭാരതമാതാവിനെയും അപമാനിക്കുന്ന ചിത്രങ്ങള്‍; ലയോള കോളജിന് എതിരെ പ്രതിഷേധം: രക്തം തിളയ്ക്കുന്നെന്ന് ബിജെപി

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശ്‌സ്തമായ ലയോള കോളജിന് നേരെ  തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. കോളജില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതമാതാവിനെയും അവഹേളിച്ചു എന്നു കാണിച്ചാണ് ഒരുവിഭാഗം രംഗത്ത് വന്നിരിക്കുന്നത്. കോളജിന് എതിരെ പരാതികളുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. 

ലയോള കോളജും ആള്‍ട്ടര്‍നേറ്റിവ് മീഡിയ സെന്ററും ചേര്‍ന്ന് സംഘടിപ്പിച്ച രണ്ടുദിവസത്തെ ചിത്രപ്രദര്‍ശനമാണ് വിവാദമായിരിക്കുന്നത്. 19, 20 തീയതികളില്‍ സ്ട്രീറ്റ് അവാര്‍ഡ് ഫെസ്റ്റിവല്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍, പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. 

ജാതി അക്രമങ്ങള്‍, സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ ഒക്കെ പ്രതിപാതിക്കുന്നതാണ് ചിത്രങ്ങള്‍. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിന്  എതിരെയുള്ള പ്രതിഷേധ ചിത്രങ്ങളും, ഗൗരി ലങ്കേഷ് അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. 

മീ ടൂ മൂവ്‌മെന്റില്‍ ഭാരതമാതാവിനെ ഇരയാക്കി ചിത്രീകരിച്ചുകൊണ്ടുള്ള ചിത്രമാണ് പ്രധാനമായും ഹിന്ദു സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. ആളുകളെ ക്രിസ്തു മതത്തിലേക്ക് മാറ്റുനന്നവരും ഹിന്ദുക്കളെയു അവരുടെ പാരമ്പര്യത്തെയും അവഹേളിക്കുന്നവരുമായ നക്‌സലുകളാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ആരോപിച്ചു. 

ചിത്രങ്ങള്‍ കാണുമ്പോള്‍ തന്റെ രക്തം തിളയ്ക്കുന്നെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരാജന്‍ പറഞ്ഞു. ഞങ്ങളുടെ ഭാരതമാതാവിനെ അവര്‍ അപമാനിച്ചു. ലയോള കോളജ് മാപ്പ് പറയണം, അല്ലെങ്കില്‍ ബിജെപി പ്രതിഷേധങ്ങളിലേക്ക് കടക്കും- തമിഴിസൈ പറയുന്നു.

പ്രതിഷേധങ്ങള്‍ കനത്തതോടെ മാപ്പ് പറഞ്ഞ് ലയോള കോളജ് അധികൃതര്‍ രംഗത്തെത്തി. വിവാദമായ പെയിന്റിങ്ങുകള്‍ നീക്കം ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com