അഭിലാഷ് ടോമിക്ക് രാഷ്ട്രപതിയുടെ പുരസ്കാരം; പ്രളയത്തിൽ രക്ഷകരായ സൈനികർക്കും ആദരം

മലയാളി നാവികൻ അഭിലാഷ് ടോമിക്ക് രാഷ്ട്രപതിയുടെ പുരസ്കാരം. വിശിഷ്ട സേവനത്തിനുള്ള നവികസേനാ പുരസ്കാരത്തിനാണ് അഭിലാഷ് അർഹനായത്
അഭിലാഷ് ടോമിക്ക് രാഷ്ട്രപതിയുടെ പുരസ്കാരം; പ്രളയത്തിൽ രക്ഷകരായ സൈനികർക്കും ആദരം

ന്യൂഡൽഹി: മലയാളി നാവികൻ അഭിലാഷ് ടോമിക്ക് രാഷ്ട്രപതിയുടെ പുരസ്കാരം. വിശിഷ്ട സേവനത്തിനുള്ള നവികസേനാ പുരസ്കാരത്തിനാണ് അഭിലാഷ് അർഹനായത്. പായ്‌വഞ്ചിയേറി കടലിലൂടെ സാഹസിക യാത്രകൾ നടത്തിയാണ് അഭിലാഷ് ശ്രദ്ധേയനായത്. ഈയടുത്ത് ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമി ചികിത്സയില്‍ കഴിയുകയാണ്. അതിനിടെയാണ് അഭിലാഷിന് രാഷ്ട്രപതിയുടെ പുരസ്കാരം തേടിയെത്തിയത്. നവ്‌സേനാ മെഡലാണ് അഭിലാഷിന് സമ്മാനിക്കുന്നത്. 

2013ല്‍ തന്റെ അതിസാഹസികമായ ലോക സഞ്ചാരം പൂര്‍ത്തിയാക്കി ലോകത്തെ ഞെട്ടിച്ചിരുന്നു അഭിലാഷ്. ആഴക്കടലിലൂടെ എങ്ങും തങ്ങാതെ ലോകം ചുറ്റുന്ന ആദ്യത്ത ഇന്ത്യക്കാരനായി അഭിലാഷ് ചരിത്രം കുറിച്ചു. 2012 നവംബറില്‍ മുംബൈ തീരത്തു നിന്ന് 'മാദേയി' എന്ന പായ്വഞ്ചിയില്‍ പുറപ്പെട്ട്, 23100 നോട്ടിക്കല്‍ മൈല്‍ പിന്നിട്ട് 2013 ഏപ്രില്‍ ആറിന് മുബൈയില്‍ തന്നെ തിരിച്ചെത്തി. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ അച്ഛന്‍ ചാക്കോ ടോമി വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനാണ്.

കേരളത്തിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ സേനാം​ഗങ്ങൾക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്. കമാൻഡർ വിജയ് വർമ, സെയ്ലർ പ്രേമേന്ദ്ര കുമാർ എന്നിവർക്ക് നാവികസേന പുരസ്കാരം ലഭിച്ചു. ​ഗരുഡ് കമാൻഡോ പ്രശാന്ത് നായർക്ക് വായുസേനയുടെ മെഡലും മേജർ ആർ ഹേമന്ദ് രാജിന് കരസേനയുടെ വിശിഷ്ട സേവ മെഡ‍ലും ലഭിച്ചിട്ടുണ്ട്. 

പ്രളയത്തില്‍പ്പെട്ട കൈക്കുഞ്ഞിനെ രക്ഷപ്പെടുത്തിയ വ്യോമ സേനയിലെ ഗരുഡ് കമാന്‍ഡോയായിരുന്നു പ്രശാന്ത് നായര്‍. പ്രളയ ബാധിത മേഖലയില്‍ നിന്ന് ഗര്‍ഭിണിയെ രക്ഷപ്പെടുത്തിയ ഹെലികോപ്ടര്‍ പറപ്പിച്ച കമാന്‍ഡര്‍ വിജയ് വര്‍മയ്ക്ക് ധീരതയ്ക്കുള്ള നവ്‌സേനാ മെഡലുമാണ് ലഭിച്ചത്. 

ഭീകരവാദം ഉപേക്ഷിച്ച് സൈന്യത്തില്‍ ചേര്‍ന്ന് വീരമൃത്യു വരിച്ച ലാന്‍സ് നായിക്ക് അഹമ്മദ് വാണിക്ക് അശോകചക്ര പുരസ്‌കാരം പ്രഖ്യാപിച്ചു. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പരംവിശിഷ്ട സേവാ മെഡലും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍നിന്ന് എട്ട് മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്. ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com