എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി ആദരമര്‍പ്പിക്കും, കനത്ത സുരക്ഷാ സന്നാഹം

കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടയില്‍ വീരമൃത്യുവരിച്ച ലാന്‍സ് നായിക് നസീര്‍ അഹ്മദ് വാണിക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോകചക്ര സമര്‍പ്പിക്കും
എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി ആദരമര്‍പ്പിക്കും, കനത്ത സുരക്ഷാ സന്നാഹം

 ന്യൂഡല്‍ഹി: അതീവ സുരക്ഷാ സന്നാഹങ്ങള്‍ക്ക് നടുവില്‍ രാജ്യം ഇന്ന് 70-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒന്‍പത് മണിക്ക് ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി , പ്രതിരോധ മന്ത്രി, സൈനിക മേധാവികള്‍ എന്നിവര്‍ ആദരമര്‍പ്പിക്കും. 

കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടയില്‍ വീരമൃത്യുവരിച്ച ലാന്‍സ് നായിക് നസീര്‍ അഹ്മദ് വാണിക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോകചക്ര സമര്‍പ്പിക്കും. ഇതിന് ശേഷം രാജ്പഥില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസെയാണ് ഇത്തവണത്തെ മുഖ്യാതിഥി. 

രാവിലെ 9.50 ന് വിജയ് ചൗക്കില്‍ നിന്ന് തുടങ്ങുന്ന റിപ്പബ്ലിക് ദിന പരേഡ് രാജ്പഥ്, തിലക് മാര്‍ഗ്, ബഹാദുര്‍ ഷാ സഫര്‍ മാര്‍ഗ്, നേതാജി സുഭാഷ് മാര്‍ഗ് വഴി ചെങ്കോട്ടയിലെത്തും. ആയുധ പ്രദര്‍ശനത്തിനും വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ചിനും കലാരൂപങ്ങള്‍ക്കും ശേഷം യുദ്ധവിമാനങ്ങള്‍ അഭ്യാസ പ്രകടനം നടത്തും.

 മഹാത്മഗാന്ധിയുടെ 150 -ാം ജന്‍മവാര്‍ഷികം കണക്കിലെടുത്ത് ഗാന്ധിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ ഫ്‌ളോട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ ഫ്‌ളോട്ട് പരേഡില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ 25,000 സൈനികരെ സുരക്ഷയ്ക്കായി മാത്രം വിന്യസിച്ചിട്ടുണ്ട്.  നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള റിപ്പബ്ലിക് ദിനമെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com