'ഇതാ ഞാന്‍ ഹിന്ദു പെണ്‍കുട്ടിയെ തൊട്ടിരിക്കുന്നു ; ചെയ്യാന്‍ കഴിയുന്നത് ചെയ്യുക' ; കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ്

ഹിന്ദുപെണ്‍കുട്ടികളെ തൊടുന്ന അന്യ മതസ്ഥരുടെ കൈകള്‍ തകര്‍ക്കണമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ്
'ഇതാ ഞാന്‍ ഹിന്ദു പെണ്‍കുട്ടിയെ തൊട്ടിരിക്കുന്നു ; ചെയ്യാന്‍ കഴിയുന്നത് ചെയ്യുക' ; കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ്


ന്യൂഡല്‍ഹി : ഹിന്ദുപെണ്‍കുട്ടികളെ തൊടുന്ന അന്യ മതസ്ഥരുടെ കൈകള്‍ തകര്‍ക്കണമെന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗഡേയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാവാലയാണ് ട്വിറ്ററിലൂടെ കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ചത്.   ഭാര്യയുടെ ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പൂനാവാലയുടെ ട്വീറ്റ്.  

എന്റെ ഹിന്ദുവായ ഭാര്യയെ തൊട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. ഇതൊരു ഭീഷണിയാണ് സാര്‍ എന്നായിരുന്നു പൂനാവാലയുടെ ട്വീറ്റ്.

ഹിന്ദുപെണ്‍കുട്ടികളെ തൊടുന്ന ഇതരമതസ്ഥരുടെ കൈകള്‍  തകര്‍ക്കണം. ചരിത്രം കുറിക്കാന്‍ തയ്യാറാകു എന്നായിരുന്നു കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡേ ആഹ്വാനം നല്‍കിയത്. ഹെഗ്‌ഡേയുടെ പ്രസ്താവനക്കെതിരെ രാഹുല്‍ ഗാന്ധി, അസദുദ്ദീന്‍ ഒവൈസി, കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു എന്നിവരും ട്വിറ്ററില്‍ മറുപടി നല്‍കിയിരുന്നു. കേന്ദ്രമന്ത്രിയാവാനുള്ള യോഗ്യത ഹെഗഡേക്ക് ഇല്ലെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും ഹെഗ്‌ഡേ നാണക്കേടാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. 

അക്രമത്തിനാണ് കേന്ദ്രമന്ത്രി ആഹ്വാനം നല്‍കിയത്. കൈകള്‍ വെട്ടാനും കൊലപാതകം നടത്താനുമാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com