'കോണ്‍ഗ്രസ് എന്റെ ജീവരക്തമാണ്, ഇന്നും എന്നും'; രാജിക്കത്ത് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ബിജെപിയോട് വിദ്വേഷമില്ലെങ്കിലും അവര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ആശയത്തോട് ഓരോ അണുവിലും പോരാട്ടം തുടരും
'കോണ്‍ഗ്രസ് എന്റെ ജീവരക്തമാണ്, ഇന്നും എന്നും'; രാജിക്കത്ത് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തം തനിക്കാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് രാജി. താനിപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ലെന്ന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി നാലു പേജുള്ള രാജിക്കത്ത് ട്വീറ്റ് ചെയ്തത്. 

പാര്‍ലമെന്റിനു പുറത്ത് വാര്‍ത്താ ലേഖകരുടെ ചോദ്യത്തിനു മറുപടിയായാണ് താന്‍ ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷനല്ലെന്നു രാഹുല്‍ വ്യക്തമാക്കിയത്. രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെ: ''കാലതാമസമില്ലാതെ പാര്‍ട്ടി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന നടപടികളില്‍ ഞാന്‍ പങ്കാളിയല്ല. ഞാന്‍ ഇതിനകം തന്നെ രാജി സമര്‍പ്പിച്ചുകഴിഞ്ഞു, ഇപ്പോള്‍ ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എത്രയും വേഗം യോഗം ചേര്‍ന്നു തീരുമാനമെടുക്കണം''

ഇന്ത്യയുടെ ജീവരക്തം കോണ്‍ഗ്രസ് മുന്നോട്ടുവച്ച മൂല്യങ്ങളും ആദര്‍ശങ്ങളുമാണെന്ന് രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. കോണ്‍ഗ്രസിനെ സേവിക്കുകയെന്നത് ഒരു ബഹുമതിയാണ്. താന്‍ രാജ്യത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും രാജി നന്ദിയുടെയും സ്‌നേഹത്തിന്റെയും പ്രകടനമാണെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പരാജയത്തിന് ഒട്ടേറെ ഉത്തരവാദികളുണ്ടെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു. എന്നാല്‍ സ്വന്തം ഉത്തരവാദിത്തം ഏറ്റെടുക്കാതെ മറ്റുള്ളവരെ പഴി പറയുന്നതു നീതീകരിക്കാവുന്നതല്ല. പാര്‍ട്ടിയെ പുതുതായി കെട്ടിപ്പടുക്കുന്നതിന് കടുത്ത തീരുമാനങ്ങള്‍ അനിവാര്യമാണെന്നും രാജിക്കത്തില്‍ പറയുന്നു.

പുതിയ പ്രസിഡന്റിനെ നിര്‍ദേശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടതായി രാഹുല്‍ പറഞ്ഞു. എന്നാല്‍ അത്തരമൊരു നിര്‍ദേശം താന്‍ മുന്നോട്ടുവയ്ക്കുന്നതു ശരിയല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുക്കുകയാണ് വേണ്ടത്. 

രാഷ്ട്രീയ അധികാരത്തിനു വേണ്ടിയുള്ള പോരാട്ടമല്ല താന്‍ നടത്തിയത്. ബിജെപിയോട് വിദ്വേഷമില്ലെങ്കിലും അവര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ആശയത്തോട് ഓരോ അണുവിലും താന്‍ പോരാട്ടം തുടരും. കോണ്‍ഗ്രസിന് ആവശ്യമുള്ളപ്പോഴെല്ലാം തുടര്‍ന്നും തന്റെ സേവനം ലഭിക്കും. - രാഹുല്‍ രാജിക്കത്തില്‍ പറയുന്നു.

അധികാരത്തില്‍ തൂങ്ങിക്കിടക്കുക എന്നത് ഇന്ത്യയിലെ ഒരു ശീലമാണ്. ആരും അധികാരം ത്യജിക്കാന്‍ തയാറാവില്ല. എന്നാല്‍ അധികാരത്തോടുള്ള അഭിലാഷം ഇല്ലാതാവാതെ നമുക്ക് എതിരാളികളെ തോല്‍പ്പിക്കാനാവില്ല. കൂടുതല്‍ ആഴത്തിലുള്ള ആശയപരമായ പോരാട്ടമാണ് നമുക്കു വേണ്ടത്- രാഹുല്‍ പറയുന്നു.

''ഞാന്‍ ഒരു കോണ്‍ഗ്രസുകാരനായാണ് ജനിച്ചത്. ഈ പാര്‍ട്ടി എന്നും എന്നോടൊപ്പമുണ്ടായിരുന്നു. അതെന്റെ ജീവരക്തമാണ്. എന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും''- രാജിക്കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചത്. രാഹുലിന്റെ രാജി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തള്ളിയിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുലിനു മാത്രമല്ലെന്നും കൂട്ടായ ഉത്തരവാദിത്തമാണ് ഇക്കാര്യത്തില്‍ ഉള്ളതെന്നുമാണ് പ്രവര്‍ത്ത സമിതി വിലയിരുത്തിയത്.

അതിനിടെ രാഹുല്‍ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ നടത്തുന്ന സമരം തുടരുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഉപവാസം നടത്തുന്ന പ്രവര്‍ത്തകരെ മുതിര്‍ന്ന നേതാക്കളായ അശോക് ഗെലോട്ടും മോട്ടിലാല്‍ വോറയും സന്ദര്‍ശിച്ചു. രാഹുല്‍ അധ്യക്ഷസ്ഥാനത്തു തുടരുമെന്ന് അവര്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com