പെട്രോള്‍, ഡീസല്‍, സിഗററ്റ്, വാഹനങ്ങള്‍ വില ഉയരും; ഇലക്ട്രിക് വാഹനം, മൊബൈല്‍ ചാര്‍ജര്‍, സെറ്റ് ടോപ്പ് ബോക്‌സ് കുറയും; ബജറ്റ് വരുത്തുന്ന മാറ്റങ്ങള്‍ 

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ലക്ഷ്യമിട്ട് പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉല്‍പ്പനങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു
പെട്രോള്‍, ഡീസല്‍, സിഗററ്റ്, വാഹനങ്ങള്‍ വില ഉയരും; ഇലക്ട്രിക് വാഹനം, മൊബൈല്‍ ചാര്‍ജര്‍, സെറ്റ് ടോപ്പ് ബോക്‌സ് കുറയും; ബജറ്റ് വരുത്തുന്ന മാറ്റങ്ങള്‍ 

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും പുറമേ സിഗററ്റ്, ഇറക്കുമതി ചെയ്യുന്ന കാര്‍, സ്പിളിറ്റ് എസി തുടങ്ങിയവയും ചെലവേറിയതാകും. സ്വര്‍ണം, വെളളി തുടങ്ങിയവയാണ് വില വര്‍ധിക്കുന്ന മറ്റു ഉല്‍പ്പനങ്ങള്‍. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദേശത്തിലാണ് ഇവയുടെ നികുതി വര്‍ധിപ്പിക്കുമെന്ന് പറയുന്നത്. അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ ഘടക ഉല്‍പ്പനങ്ങള്‍, ക്യാമറ മൊഡ്യൂള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, സെറ്റ് ടോപ്പ് ബോക്‌സ് എന്നിവയുടെ വില കുറയും. കസ്റ്റംസ് തീരുവ കുറയുന്നതാണ് ഇവ കുറഞ്ഞ വിലയ്ക്ക് ലഭിക്കാന്‍ അവസരം നല്‍കുന്നത്. 

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ലക്ഷ്യമിട്ട് പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉല്‍പ്പനങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. കശുവണ്ടി, പിവിസി, ടൈല്‍സ്, മെറ്റല്‍ ഫിറ്റിംഗ്‌സ്, ഫര്‍ണീച്ചര്‍ ഉല്‍പ്പനങ്ങള്‍, വാഹനനിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ കസ്റ്റംസ് തീരുവയാണ് ഉയര്‍ത്തിയത്. വാഹനനിര്‍മ്മാണ സാമഗ്രികളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തുന്നത് രാജ്യത്ത് വാഹനവില ഉയരാന്‍ ഇടയാക്കും. അഞ്ചുശതമാനം വരെ ഉയര്‍ത്താനാണ് നിര്‍ദേശം.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്ത് നിര്‍മ്മിക്കുന്ന നിശ്ചിത എണ്ണം ഇലക്ട്രോണിക് ഉല്‍പ്പനങ്ങളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് എടുത്തുകളയുമെന്ന് ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു. ഇറക്കുമതി ചെയ്യുന്ന ബുക്കുകള്‍ക്ക് അഞ്ചുശതമാനം കസ്റ്റംസ് തീരുവ ചുമത്തുമെന്നതാണ് മറ്റൊരു നിര്‍ദേശം. ആഭ്യന്തര പ്രിന്റിംഗ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ചെറുകിട സംരഭങ്ങളെ സംരക്ഷിക്കുന്നതിന് ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും. ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും അധിക എക്‌സൈസ് തീരുവ, റോഡ് സെസ് എന്നി ഇനങ്ങളില്‍ ഓരോ രൂപ വീതം അധികം ഈടാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില മയപ്പെടുകയാണ്. ഇത് തീരുവ വര്‍ധിപ്പിക്കാന്‍ അവസരം നല്‍കുന്നതായി നിര്‍മ്മല സീതാരാമന്‍ പറയുന്നു.

സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെയും കസ്റ്റംസ് തീരുവ ഉയര്‍ത്തിയതാണ് മറ്റൊരു ബജറ്റ് നിര്‍ദേശം.ഇതോടെ ഇവയുടെ കസ്റ്റംസ് തീരുവ പന്ത്രണ്ടര ശതമാനമായി ഉയരും. നിലവില്‍ 10 ശതമാനമായിരുന്നു കസ്റ്റംസ് തീരുവ. പുകയില ഉല്‍പ്പനങ്ങള്‍ക്ക് ഒരു ശതമാനം വരെയാണ് തീരുവ ഉയര്‍ത്തുന്നത്. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ കസ്റ്റംസ് തീരുവ 25 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്തും. വീടുനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മാര്‍ബിള്‍ സ്ലാബിന്റെ കസ്റ്റംസ് തീരുവ 40 ശതമാനമായാണ് ഉയര്‍ത്തുന്നത്. നേരത്തെ ഇത് 20 ശതമാനമായിരുന്നു.സമാനമായ നിലയില്‍ റൂഫിങ് ടൈല്‍സ് , വാള്‍ ടൈല്‍സ് എന്നിവയുടെ തീരുവയും ഉയരും.സ്പിളിറ്റ്  എസിയുടെ തീരുവ 10ല്‍ നിന്ന് 20 ശതമാനമായാണ് വര്‍ധിപ്പിക്കുന്നത്.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍, മറ്റു അലോയി സ്റ്റീല്‍ ഉല്‍പ്പനങ്ങളുടെയും വില ഉയരും. കസ്റ്റംസ് തീരുവ ഉയര്‍ത്തുന്നതാണ് ഇത് ചെലവേറിയതാകുന്നത്. ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍, നെറ്റ്‌വര്‍ക്ക് വീഡിയോ റെക്കോര്‍ഡര്‍, സിസിടിവി ക്യാമറ, ഐപി ക്യാമറ എന്നിവയാണ് വില കൂടുന്ന മറ്റു ഉല്‍പ്പനങ്ങള്‍. ഇവയുടെ കസ്റ്റംസ് തീരുവ അഞ്ചുശതമാനം മുതല്‍ 20 ശതമാനം വരെയാണ് ഉയര്‍ത്തുന്നത്.

കൃത്രിമ വൃക്കയ്ക്ക് ആവശ്യമായ അസംസ്‌കൃത ഉല്‍പ്പനങ്ങളുടെ കസ്റ്റംസ് തീരുവ കുറയും. ഡിസ്‌പോസിബിള്‍ സ്റ്ററിലൈസ്ഡ് ഡൈലൈസര്‍ ( disposable sterilised dialyser)ആണവോര്‍ജ്ജ പ്ലാന്റുകള്‍ക്കാവശ്യമായ ഇന്ധനം എന്നിവയുടെ കസ്റ്റംസ് തീരുവയും കുറയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com