കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ; 11 എംഎല്‍എമാര്‍ രാജിക്ക് ; സ്പീക്കറുടെ ഓഫീസില്‍

ജെഡിഎസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച് വിശ്വനാഥും രാജിവെക്കാന്‍ എത്തിയവരില്‍ ഉള്‍പ്പെടുന്നു
കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ; 11 എംഎല്‍എമാര്‍ രാജിക്ക് ; സ്പീക്കറുടെ ഓഫീസില്‍

ബംഗലൂരു : കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. 11 എംഎല്‍എമാര്‍ നിയമസഭാംഗത്വം രാജിവെക്കാന്‍ ഒരുങ്ങുന്നു. മുതിര്‍ന്ന എട്ട് കോണ്‍ഗ്രസ്
എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജിക്കൊരുങ്ങുന്നത്. രാജിവെക്കാനായി എംഎല്‍എമാര്‍ സ്പീക്കര്‍ രമേഷ് കുമാറിന്റെ ചേംബറിലെത്തി. രാജിവെക്കാനാണ് തങ്ങള്‍ സ്പീക്കറുടെ ഓഫീസിലെത്തിയതെന്ന് മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു. 

സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു രാമലിംഗറെഡ്ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരില്‍ സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തനായിരുന്നു റെഡ്ഡി. കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നതായും അദ്ദേഹം പറഞ്ഞു. ജെഡിഎസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച് വിശ്വനാഥും രാജിവെക്കാന്‍ എത്തിയവരില്‍ ഉള്‍പ്പെടുന്നു. 

എന്നാല്‍ ആരും രാജിവെക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍ പറഞ്ഞു. വിമത നേതാക്കളെ അനുനയിപ്പിക്കാന്‍ ഡി കെ ശിവകുമാറിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ബംഗലൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. 

അതിനിടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇപ്പോള്‍ വിദേശത്താണ്. അതേസമയം സര്‍ക്കാര്‍ വീണാല്‍ പകരം സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ബിജെപി ക്യാംപും തയ്യാറെടുപ്പുകള്‍ നടത്തിതുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. 

കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങ്, രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ നേരത്തെ രാജിവെച്ചിരുന്നു. ഇതോടെ ഭരണമുന്നണിയുടെ അംഗബലം 116 ആയി ചുരുങ്ങിയിരുന്നു. 113 ആണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ട കേവല ഭൂരിപക്ഷം. 224 അംഗ സഭയില്‍ കോണ്‍ഗ്രസിന് ആനന്ദ് സിങും ജാര്‍ക്കിഹോളിയും അടക്കം 79 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ജെഡിഎസിന് 37 പേരും. ബിജെപിക്ക് 105 എംഎല്‍എമാരുമാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com