രാജിവച്ചത് പതിനാല് എംഎല്‍എമാര്‍: ഡികെയുടെ തന്ത്രങ്ങള്‍ പാളി; മുംബൈയിലേക്ക് പറന്ന് വിമതര്‍

കര്‍ണാടകയില്‍ രാജിവച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഗോവയിലേക്ക് പോയി
രാജിവച്ച എംഎല്‍എമാരുമായി ചര്‍ച്ചക്കെത്തിയ ഡികെ ശിവകുമാര്‍/ചിത്രം: പിടിഐ
രാജിവച്ച എംഎല്‍എമാരുമായി ചര്‍ച്ചക്കെത്തിയ ഡികെ ശിവകുമാര്‍/ചിത്രം: പിടിഐ

ബെംഗലൂരു: കര്‍ണാടകയില്‍ രാജിവച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഗോവയിലേക്ക് പോയി. ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക് എയര്‍പോര്‍ട്ടില്‍ എത്തിയ സംഘം ഇവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക്
പോകുകയായിരുന്നു. ഇതിന് പിന്നാലെ കര്‍ണാടകയുടെ ചാര്‍ജുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സംസ്ഥാനത്തെത്തി. 

രാജിവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കാതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍, എംഎല്‍എമാര്‍ക്ക് എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. 

പതിനൊന്ന് എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കി എന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയയത്. എന്നാല്‍ പതിനാല് എംഎല്‍എമാര്‍ രാജിവച്ചു എന്നാണ് വിമതര്‍ അവകാശപ്പെടുന്നത്. ഗവര്‍ണറെ കണ്ടശേഷം ജെഡിഎസ് എംഎല്‍എ എച്ച് വിശ്വനാഥാണ് പതിനാലുപേര്‍ രാജിവച്ചു എന്ന് വ്യക്തമാക്കിയത്. 

അതേസമയം, എംഎല്‍എമാരുടെ രാജിക്കത്ത് വലിച്ചുകീറിയെന്ന ബിജെപി ആരോപണത്തിന് രൂക്ഷ ഭാഷയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ രംഗത്തെത്തി. താനെന്തിന് അത് ചെയ്യാതിരിക്കണമെന്നും അവര്‍ തനിക്കെതിരെ കേസ് കൊടുക്കട്ടേയെന്നും ജയിലില്‍ അടക്കണമെങ്കില്‍ അതിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാജിക്കത്ത് നല്‍കിയ ശേഷം ശിവകുമാറിനൊപ്പം പോയ മൂന്ന് എംഎല്‍എമാര്‍ മടങ്ങിപ്പോയിരുന്നു. 

എംഎല്‍എമാരുടെ കൂട്ട രാജിക്ക് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ബിജെപി രംഗത്ത് വന്നിരുന്നു. കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതി ഗതികള്‍ പാര്‍ട്ടി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ തെരഞ്ഞെടുപ്പിന് ഒരുക്കമല്ലെന്നും സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ അടുത്ത സര്‍ക്കാര്‍ തങ്ങള്‍ രൂപീകരിക്കുമെന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു. 

hgതിയ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ വ്യക്തമാക്കി.

ഗവര്‍ണറാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഭരണഘടന അനുസരിച്ച് തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചാല്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 105 അംഗങ്ങളുമായി തങ്ങളാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com