യുവ നേതാവ് മതിയെന്ന നിര്‍ദേശത്തിന് പിന്തുണയേറുന്നു, സച്ചിന്‍ പൈലറ്റിന് സാധ്യത; പ്രവര്‍ത്തക സമിതി അടുത്തയാഴ്ചയിലേക്കു മാറ്റിയേക്കും

രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി യുവ നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ എത്തണമെന്ന ആവശ്യത്തിന് പാര്‍ട്ടിയില്‍ പിന്തുണയേറുന്നു
സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിക്കൊപ്പം (ഫയല്‍)
സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിക്കൊപ്പം (ഫയല്‍)

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി യുവ നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ എത്തണമെന്ന ആവശ്യത്തിന് പാര്‍ട്ടിയില്‍ പിന്തുണയേറുന്നു. സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം കര്‍ണാടക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അധ്യക്ഷനെ കണ്ടെത്താനുള്ള പ്രവര്‍ത്തക സമിതി യോഗം അടുത്തയാഴ്ചത്തേക്കു മാറ്റുമെന്നു സൂചനയുണ്ട്. 

പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അമരിന്ദര്‍ സിങ് ആണ് യുവ നേതാവ് പാര്‍ട്ടി അധ്യക്ഷനാവണമെന്ന അഭിപ്രായം പരസ്യമായി ഉന്നയിച്ചത്. ഇതിനെ അനുകൂലിച്ചോ എതിര്‍ത്തോ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തുവന്നില്ലെങ്കിലും യുവ നേതാവ് എന്ന ആശയത്തിന് പിന്‍ബലം ഏറുകയാണെന്നാണ് സൂചന. അങ്ങനെയൊരാളെ തീരുമാനിക്കുന്നതു ലക്ഷ്യമിട്ടാണ് പാര്‍ട്ടിയില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടക്കുന്നത്. നിയമസഭാ തെരഞ്ഞടുപ്പില്‍ രാജസ്ഥാനില്‍ തിളങ്ങുന്ന ജയം നേടിയ പിസിസി അധ്യക്ഷന്‍ സചിന്‍ പൈലറ്റാണ് ചര്‍ച്ചകളുടെ കേന്ദ്ര സ്ഥാനത്തുള്ളത്. ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവാതെ പോയത് അദ്ദേഹത്തിനു പ്രതികൂലമാവുമെന്നാണ് സൂചന. പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഈ രണ്ടു നേതാക്കളെ കേന്ദ്രീകരിച്ചാണ് മുന്നേറുന്നതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

മോട്ടിലാല്‍ വോറ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗലോട്ട് എന്നീ മുതിര്‍ന്ന നേതാക്കളുടെ പേരും അധ്യക്ഷ പദവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും നേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികളില്‍നിന്ന് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. ഭര്‍ത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി വിദേശത്താണുള്ളത്. 

അതേസമയം പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താനുള്ള പ്രവര്‍ത്തക സമിതി യോഗം ബുധനാഴ്ച ചേരില്ലെന്നു സൂചനകളുണ്ട്. കര്‍ണാടക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം അടുത്തയാഴ്ചയിലേക്കു മാറ്റിയേക്കും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ബംഗളൂരുവിലാണുള്ളത്. വേണുഗോപാല്‍ തിരിച്ചെത്തിയ ശേഷമേ പ്രവര്‍ത്തക സമിതി യോഗം ചേരുന്നതിനുള്ള നടപടികളുണ്ടാവൂവെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com