18 പേര്‍ വിട്ടുനിന്നു ; ഒരു രാജി കൂടി ; വിമതരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് 

നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന റോഷന്‍ ബെയ്ഗും രാജിവെച്ചു.  ഇതോടെ രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 14 ആയി 
18 പേര്‍ വിട്ടുനിന്നു ; ഒരു രാജി കൂടി ; വിമതരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് 

ബംഗലൂരു : കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കോണ്‍ഗ്രസ് രാവിലെ വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷിയോഗത്തില്‍ 18 എംഎല്‍എമാര്‍ എത്തിയില്ല. വിമത ംഎല്‍എമാര്‍ക്ക് പുറമെ, എട്ടുപേര്‍ കൂടി യോഗത്തിനെത്തിയില്ല. ഇതില്‍ ആറുപേര്‍ വിശദീകരണ കത്ത് നല്‍കി. അഞ്ജലി നിബാള്‍ക്കര്‍, കെ സുധാകര്‍, എംബിടി നാഗരാജ്, റോഷന്‍ ബെയ്ഗ് തുടങ്ങിയവരാണ് യോഗത്തിനെത്താതിരുന്ന പ്രമുഖര്‍. ആരോഗ്യകാരണങ്ങളാല്‍ യോഗത്തിനെത്താനാവില്ലെന്ന് നാഗരാജ് നേതാക്കളെ അറിയിച്ചു. 

അതേസമയം നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന റോഷന്‍ ബെയ്ഗും രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കി. ഇതോടെ രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 14 ആയി. അഞ്ജലി 
നിബോള്‍ക്കറും ഉടന്‍ രാജിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. യോഗത്തിനെത്താത്ത ആറ് എംഎല്‍എമാരെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ തീരുമാനിച്ചതായി മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് കത്തുനല്‍കും. 

അയോഗ്യരാകുന്നതോടെ ഇവര്‍ക്ക് മന്ത്രിസ്ഥാനം അടക്കം ഒരു പദവിയും തുടര്‍ന്ന് വഹിക്കാനാവില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. രാജി പ്രഖ്യാപിച്ച എംഎല്‍എമാര്‍ ബാഹ്യ പ്രേരണയൊന്നുമില്ലാതെ, സ്വമേധയാ രാജിവെച്ചതാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം രാജിക്കത്ത് സ്പീക്കര്‍ക്ക് അംഗീകരിച്ചാല്‍ മതി. ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സിദ്ധരാമയ്യ പറഞ്ഞു. പണവും പദവിയും വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ബിജെപി പാട്ടിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. 

നേതൃത്വവുമായി ഇടഞ്ഞ് രാജി നല്‍കിയ വിമത നേതാവ് രാമലിംഗറെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡി എംഎല്‍എമാരുടെ യോഗത്തിനെത്തി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പിതാവ് രാമലിംഗറെഡ്ഡി കടുത്ത അതൃപ്തിയിലാണെന്ന് സൗമ്യ അറിയിച്ചു. മുംബൈയിലുള്ള വിമത എംഎല്‍എമാരെ പൂനെയിലേക്ക് മാറ്റി. യുവമോര്‍ച്ച മുംബൈ പ്രസിഡന്റ് മോഹിത് ഭാരതീയയും എംഎല്‍എമാര്‍ക്കൊപ്പമുള്ളതായി റിപ്പോര്‍്ട്ടുണ്ട്. 

അതേസമയം രാജിവെച്ചുകൊണ്ടുള്ള എംഎല്‍എമാരുടെ കത്തില്‍ ഭരണഘടന അനുസരിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനം കൈക്കൊള്ളുമെന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. രണ്ട് മന്ത്രിമാര്‍ കൂടി രാജിവെച്ചതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും, കുമാരസ്വാമി ഉടന്‍ രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com