ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു; ദളിത് യുവാവിനെ ഭാര്യാ പിതാവടക്കം എട്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി

ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി
ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു; ദളിത് യുവാവിനെ ഭാര്യാ പിതാവടക്കം എട്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി

അഹമ്മദാബാദ്: ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ വാര്‍മോര്‍ ഗ്രാമത്തിലാണ് ദുരഭിമാനക്കൊല അരങ്ങേറിയത്. തിങ്കളാഴ്ച വൈകീട്ടാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് മാരകമായി പരുക്കേറ്റാണ് ഹരേഷ് കൊല്ലപ്പെട്ടത്.

കച്ച് ജില്ലയിലെ ഗാന്ധിധാം സ്വദേശിയായ ഹരേഷ് കുമാര്‍ സോളങ്കി (25)യാണ് മരിച്ചത്. ആറ് മാസം മുന്‍പാണ് തന്നേക്കാള്‍ ഉയര്‍ന്ന ജാതിയിലുള്ള ഊര്‍മിള സല എന്ന പെണ്‍കുട്ടിയെ ഹരേഷ് വിവാഹം കഴിച്ചത്. എന്നാല്‍ ഈ വിവാഹത്തിന് ഊര്‍മിളയുടെ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഹരേഷ് ദളിതനാണെന്ന കാരണമായിരുന്നു കുടുംബത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയത്. 

പത്താം ക്ലാസ് പഠനത്തിന് ശേഷം ഹരേഷ് ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കഡിയിലുള്ള ഒരു ഹോസ്റ്റലിലായിരുന്നു ഹരേഷ് താമസിച്ചിരുന്നത്. ഇതേ സ്ഥലത്തുള്ള കോളജിലായിരുന്നു ഊര്‍മിള പഠിച്ചിരുന്നത്. അവരും ഹോസ്റ്റലിലായിരുന്നു. ഇവിടെ നിന്നുള്ള പരിചയം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നുവെന്ന് ഹരേഷിന്റെ മാതാവ് പറഞ്ഞു

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- രണ്ട് മാസം ഗര്‍ഭിണിയായ ഊര്‍മിളയെ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മാതാപിതാക്കള്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. പിന്നീട് തന്റെ ഭാര്യയെ കാണാന്‍ സാധിക്കാതെ വന്നതോടെ ഹരേഷ് ഊര്‍മിളയെ തന്റെ വീട്ടിലേക്ക് വിടാന്‍ അവരുടെ മാതാപിതാക്കളോട് ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി അഭയം വനിതാ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരെ സമീപിച്ചു.

ഭാര്യയുടെ പിതാവായ ദശ്‌രഥ്‌സിന്‍ സലയുമായി അഭയം പ്രവര്‍ത്തകര്‍ സമവായ ചര്‍ച്ച നടത്താനായി ഹരേഷുമായി ഇവിടെ എത്തി. ഊര്‍മിളയുടെ മാതാപിതാക്കളുമായി അധികൃതര്‍ സംസാരിക്കുമ്പോള്‍ ഹരേഷ് വീടിന് സമീപം നിര്‍ത്തിയിട്ട സര്‍ക്കാര്‍ വാഹനത്തില്‍ കാത്തിരിക്കുകയായിരുന്നു. 

20 മിനുട്ടോളമാണ് സമവായ ചര്‍ച്ച നടന്നതെന്ന് നേതൃത്വം നല്‍കിയ അഭയം പ്രവര്‍ത്തക ഭവിക പറയുന്നു. സര്‍ക്കാര്‍ വാഹനത്തിലെ മുന്‍ സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പമായിരുന്നു ഹരേഷ് ഇരുന്നത്. വൈകിട്ട് ഏഴ് മണിയോടെ സംസാരം പൂര്‍ത്തിയാക്കി കാറിനടുത്തേക്ക് തങ്ങള്‍ നീങ്ങുന്നതിനിടെ ഊര്‍മിളയുടെ പിതാവിന്റെ നേതൃത്വത്തില്‍ എട്ടോളം പേര്‍ എത്തി ഹരേഷിനെ കാറില്‍ നിന്ന് വലിച്ചിറക്കി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നും ഭവിക പറയുന്നു. തങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സഹായത്തിനായി തങ്ങള്‍ ഉടന്‍ തന്നെ പൊലീസിനെ വിളിക്കുകയായിരുന്നുവെന്നും ഭവിക വ്യക്തമാക്കി.

ഭവിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഊര്‍മിളയുടെ പിതാവിനെ മുഖ്യപ്രതിയാക്കി പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി എട്ട് പേരെയും അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഊര്‍മിളയുടെ കുടുംബാംഗങ്ങള്‍ ഗ്രാമത്തില്‍ നിന്ന് കടന്നു കളഞ്ഞതായി പൊലീസ് പറയുന്നു. മധ്യസ്ഥ ചര്‍ച്ചയ്ക്ക് അഭയം സംഘം എത്തിയപ്പോള്‍ കൂടെ ഹരേഷ് വന്നത് ഊര്‍മിളയുടെ കുടുംബക്കാരെ അസ്വസ്ഥമാക്കിയിരുന്നു. അതേസമയം ഹരേഷിനെ കൊല്ലാനുള്ള തന്റെ കുടുംബത്തിന്റെ പദ്ധതിയെക്കുറിച്ച് ഊര്‍മിളയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com