കർണാടകയിൽ രാഷ്ട്രീയ കരുനീക്കങ്ങൾ ; ബിജെപി ഇന്ന് ​ഗവർണറെ കാണും ; ശിവകുമാറും സംഘവും മുംബൈയിൽ

വിമത എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിന് മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കി
കർണാടകയിൽ രാഷ്ട്രീയ കരുനീക്കങ്ങൾ ; ബിജെപി ഇന്ന് ​ഗവർണറെ കാണും ; ശിവകുമാറും സംഘവും മുംബൈയിൽ

ബംഗലൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോൺ​ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറും ജെഡിഎസ് നേതാവ് ശിവലിം​ഗ​ഗൗഡയും മുംബൈയിലെത്തി. എംഎൽഎമാരെ കണ്ട് അനുനയിപ്പിച്ച് സഖ്യസർക്കാരിനെ രക്ഷിക്കുക ലക്ഷ്യമിട്ടാണ് ഇരുവരുടെയും യാത്ര. അതേസമയം ശിവകുമാർ മുംബൈയ്ക്ക് തിരിച്ച വിവരം അറിഞ്ഞ വിമതർ ഹോട്ടലിന് കൂടുകൽ സുരക്ഷ ആവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണറെ സമീപിച്ചു. 

എംഎൽഎമാരുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിക്കുന്ന റിനൈസൻസ് ഹോട്ടലിന് സുരക്ഷ ശക്തമാക്കി. ആരേയും ഇവിടേക്ക് പൊലീസ് കടത്തിവിടുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ തങ്ങൾക്ക് സുരക്ഷാഭീഷണിയുണ്ടെന്നാണ് എംഎൽഎമാർ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. കർണാടക മുഖ്യമന്ത്രി  കുമാരസ്വാമിയും മന്ത്രി ഡി.കെ ശിവകുമാറും ഭീഷണിപ്പെടുത്തുന്നതായി രാജിവച്ച എംഎൽഎ 
നാരായണ​ഗൗഡ മുംബൈ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. 

അതേസമയം എംഎൽഎമാരുടെ രാജി കാര്യത്തിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. രാജിവെച്ച 13 പേരിൽ എട്ടുപേരുടെ രാജി നിയമപ്രകാരമല്ലെന്നാണ് സ്പീക്കർ രമേഷ് കുമാറിന്റെ വിലയിരുത്തൽ. നേരില്‍ വന്നു രാജി സമര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ക്കു സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. രാജിവെച്ച എംഎൽഎമാരെ അയോ​ഗ്യരാക്കണമെന്ന കോൺ​ഗ്രസിന്റെ ശുപാർശയിൽ ഇന്നേക്കകം തെളിവു നൽകാനും സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതിനിടെ പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ബിജെപി പരസ്യനീക്കത്തിനൊരുങ്ങുകയാണ്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു ബിജെപി നേതാക്കൾ ഇന്ന് ഗവർണറെ കാണും. ഉച്ചക്ക് ഒരു മണിക്കാണ് ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ഗവർണർ വജുഭായ് വാലയെ കാണുക. കുമാരസ്വാമിസർക്കാർ ന്യൂനപക്ഷമായെന്നും, സഭയിൽ വിശ്വസം തെളിയിക്കാൻ മുഖ്യമന്ത്രിയോട് നിർദ്ദേശിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടേക്കും. ഗവര്‍ണറുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക വിധാന്‍ സൗധയ്ക്ക് മുന്നില്‍ ബിജെപി എംഎല്‍എമാരെ അണിനിരത്തി പ്രതിഷേധധര്‍ണ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി നേതാവ് അരവിന്ദ് ലിംബവാലി പറഞ്ഞു. വിമതർ ഒപ്പമുണ്ടെന്നു ബിജെപി ഉറപ്പുവരുത്തുന്നുണ്ട്. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ആർ അശോക്, മുൻ സ്പീക്കർ കെ ജി ബൊപ്പയ്യ എന്നിവർ മുംബൈയിലെ ഹോട്ടലിൽ വിമതരെ കണ്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com