കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കും ; വിധാൻസൗധ പരിസരത്ത് നിരോധനാജ്ഞ ; വിമതരുടെ ഹർജി സുപ്രിംകോടതിയിൽ

വിധാൻ സൗധ പരിസരത്ത് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. 14-ാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്
കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കും ; വിധാൻസൗധ പരിസരത്ത് നിരോധനാജ്ഞ ; വിമതരുടെ ഹർജി സുപ്രിംകോടതിയിൽ

ബെംഗളൂരു: കര്‍ണാടകയിൽ രാഷ്ട്രീയപ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ  മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് രാജി വെച്ചേക്കും. രാവിലെ 11 ന് കുമാരസ്വാമി അടിയന്തര മന്ത്രിസഭായോ​ഗം വിളിച്ചു. യോ​ഗശേഷം കുമാരസ്വാമി ​ഗവർണറെ കണ്ട് രാജി നൽകിയേക്കുമെന്നാണ് അഭ്യൂഹം. ഇന്നലെ കുമാരസ്വാമി ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവ​ഗൗഡയുമായി കൂടിക്കാഴ്ച നടത്തി. രാജിക്കാര്യവും ചർച്ചയായതായാണ് റിപ്പോർട്ട്. 

അതിനിടെ ബിജെപിയെ പ്രതിരോധിക്കാൻ കോൺ​ഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയും ഇരുപാർട്ടികളും ആരായുന്നുണ്ട്. സർക്കാരുണ്ടാക്കാൻ കോൺ​ഗ്രസിന് പിന്തുണ നൽകാൻ തയ്യാറാണെന്ന് ദേവ​ഗൗഡ മുതിർന്ന കോൺ​ഗ്രസ് നേതാവ് ​ഗുലാംനബി ആസാദിനെ അറിയിച്ചു. കോൺ​ഗ്രസ് സർക്കാരുണ്ടാക്കുമ്പോൾ ഇടഞ്ഞുനിൽക്കുന്ന വിമത എംഎൽഎമാർ നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം. അങ്ങനെയെങ്കിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർ​ഗെയെയാകും പരി​ഗണിക്കുകയെന്നും സൂചനയുണ്ട്. 

വിധാൻ സൗധ പരിസരത്ത് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.  14-ാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടെ മുംബൈയ്ക്ക് പോയ വിമത എംഎൽഎമാരിൽ ഒരാൾ ബം​ഗലൂരുവിൽ തിരിച്ചെത്തി. സോമശേഖര എന്ന എംഎൽഎയാണ് തിരിച്ചെത്തിയത്. അതേസമയം സ്പീക്കർക്കെതിരെ വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് പരി​ഗണിക്കും. തങ്ങളുടെ രാജി അം​ഗീകരിക്കാതെ സ്പീക്കർ രമേഷ് കുമാർ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് കുമാരസ്വാമി സർക്കാരിനെ നിലനിർത്താനുള്ള പരിശ്രമത്തിന്റെ ഭാ​ഗമായാണെന്നാണ് വിമതർ ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com