രാഹുലിന്റെ പിന്‍ഗാമിയായി മുകുള്‍ വാസ്‌നിക്? ; കോണ്‍ഗ്രസില്‍ അണിയറച്ചര്‍ച്ചകള്‍, തീരുമാനം അടുത്തയാഴ്ച

രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി ദലിത് വിഭാഗത്തില്‍നിന്നുള്ള നേതാവായ മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് അധ്യക്ഷനാവുമെന്ന് സൂചന
മുകുള്‍ വാസ്‌നിക് (ഫയല്‍ )
മുകുള്‍ വാസ്‌നിക് (ഫയല്‍ )

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി ദലിത് വിഭാഗത്തില്‍നിന്നുള്ള നേതാവായ മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് അധ്യക്ഷനാവുമെന്ന് സൂചന. നേതൃതലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഈ ഗതിയിലാണ് മുന്നേറുന്നതെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രാഹുലിന്റെ പിന്‍ഗാമിയായി യുവ നേതാവ് വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. ഇതിനെച്ചൊല്ലി യുവ നേതാക്കളും മുതിര്‍ന്ന നേതാക്കളും തമ്മിലുള്ള ചേരിതിരിവ് പ്രകടവുമാണ്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകള്‍ നേതൃസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നതിനിടെയാണ് യുവ നേതാവ് വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. ഇതിനെത്തുടര്‍ന്ന് സച്ചിന്‍ പൈലറ്റിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പേരുകള്‍ പരിഗണിക്കപ്പെട്ടു. എന്നാല്‍ സമവായത്തില്‍ എത്താനായില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ഈ പശ്ചാത്തലത്തിലാണ് മുകുള്‍ വാസ്‌നിക്കിന്റെ പേര് ഉയര്‍ന്നുവന്നത്.

പാര്‍ട്ടി അധ്യക്ഷനായി ദലിത് വിഭാഗത്തില്‍നിന്നുള്ള നേതാവ് വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ വാദിക്കുന്നു. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നു. അന്‍പത്തിയൊന്‍പതുകാരനായ മുകുള്‍ വാസ്‌നിക് ഇതിനു പറ്റിയ ആളാണെന്നും യുവനേതൃത്വം വേണമെന്നുള്ളവരെക്കൂടി തൃപ്തിപ്പെടുത്തുന്നതായിരിക്കും ഇതെന്നും അവര്‍ വാദിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ പിന്തുണയും വാസ്‌നിക്കിനുണ്ടെന്നാണ് സൂചനകള്‍.

അടുത്തയാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതി യോഗം പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയാഴ്ച പ്രവര്‍ത്തക സമിതി ചേരാനിരുന്നതാണെങ്കിലും കര്‍ണാടകയിലെ സംഭവ വികാസങ്ങള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ബംഗളൂരുവില്‍നിന്നു മടങ്ങിയെത്തിയതിനു ശേഷമേ പ്രവര്‍ത്തക സമിതിയുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com