സര്‍ട്ടിഫിക്കറ്റ് വ്യാജം, വിവാഹം നടത്തിക്കൊടുത്തിട്ടില്ലെന്ന് ക്ഷേത്ര പൂജാരി; ബിജെപി എംഎല്‍എയുടെ വിവാഹവിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍ 

ദലിത് യുവാവിനെ ബിജെപി എംഎല്‍എയുടെ മകള്‍ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട വിവാദ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍
സര്‍ട്ടിഫിക്കറ്റ് വ്യാജം, വിവാഹം നടത്തിക്കൊടുത്തിട്ടില്ലെന്ന് ക്ഷേത്ര പൂജാരി; ബിജെപി എംഎല്‍എയുടെ വിവാഹവിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍ 

ലക്‌നൗ: ദലിത് യുവാവിനെ ബിജെപി എംഎല്‍എയുടെ മകള്‍ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട വിവാദ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഇരുവരുടെയും വിവാഹത്തിന് കാര്‍മികത്വം വഹിച്ചത് താനാണ് എന്ന പ്രചാരണം നിഷേധിച്ച് ക്ഷേത്ര പൂജാരി രംഗത്തുവന്നു. ക്ഷേത്രത്തില്‍ താലികെട്ട് നടന്നുവെന്ന് കാണിക്കുന്ന വിവാഹസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പ്രയാഗ്‌രാജിലെ രാം ജാനകി ക്ഷേത്രത്തിലെ ക്ഷേത്ര പൂജാരി മഹന്ത് പരശുറാം സിങ് ആരോപിച്ചു.

ദലിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ ബിജെപി എംഎല്‍എയായ പിതാവ് തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന മകളുടെ ആരോപണം വലിയ വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് പിതാവിനെതിരെ ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ഇതൊടൊപ്പം  ജൂലായ് നാലിന് രാം ജാനകി ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത് എന്ന് കാണിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റും ദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങിന് താന്‍ കാര്‍മികത്വം വഹിച്ചു എന്ന പ്രചാരണം പൂജാരി തളളി. കൂടാതെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു. സമ്മര്‍ദത്തെ തുടര്‍ന്നാണ് പൂജാരി വിവാഹം നിഷേധിച്ചതെന്ന് ദമ്പതികളോട് അടുപ്പമുളളവര്‍ പറയുന്നു.

'ബഹുമാനപ്പെട്ട പാപ്പു, വിക്കി, ഞങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം' എന്ന് പറഞ്ഞു കൊണ്ടാണ് യുവതി കഴിഞ്ഞ ദിവസം വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വിഡിയോയില്‍ പിതാവിനെ പാപ്പുവെന്നും സഹോദരനെ വിക്കിയെന്നുമാണ് വിശേഷിപ്പിക്കുന്നത്.

ഞാന്‍ ശരിക്കും വിവാഹിതയാണ്. ഫാഷനുവേണ്ടിയല്ല സിന്ദൂരം അണിഞ്ഞിരിക്കുന്നത്. പാപ്പു, നിങ്ങള്‍ നിങ്ങളുടെ ഗൂണ്ടകളെ എനിക്ക് പിന്നാലെ അയച്ചു. ഒളിച്ചിരുന്ന് ഞങ്ങള്‍ക്കു മടുത്തു. അവനെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം.്'  സാക്ഷി വിഡിയോയില്‍ പറയുന്നു.

തനിക്കോ ഭര്‍ത്താവിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരന്‍ രാജീവ് റാണയുമായിരിക്കും ഉത്തരവാദികളെന്നും വിഡിയോയില്‍ പറയുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സാക്ഷി മിശ്ര ദലിതനായ അജിതേഷ് കുമാറിനെ വിവാഹം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com