ജയ് ശ്രീറാം വിളിക്കാന്‍ ആരേയും നിര്‍ബന്ധിക്കരുത്, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ മതിയായ നിയമമുണ്ട്: കേന്ദ്ര മന്ത്രി

രാജ്യത്ത് എവിടെ ആള്‍ക്കൂട്ട മര്‍ദ്ദനമുണ്ടായിട്ടുണ്ടോ അവിടെയൊക്കെ പെട്ടെന്നുള്ള നടപടികളും എടുത്തിട്ടുണ്ട്
ജയ് ശ്രീറാം വിളിക്കാന്‍ ആരേയും നിര്‍ബന്ധിക്കരുത്, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ മതിയായ നിയമമുണ്ട്: കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ജയ് ശ്രീറാം വിളിക്കാന്‍ ആരേയും നിര്‍ബന്ധിക്കരുതെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി. ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളുള്‍പ്പെടെ നിയന്ത്രിക്കാന്‍ മതിയായ നിയമം രാജ്യത്തുണ്ടെന്ന് ന്യൂനപക്ഷകാര്യമന്ത്രി ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ പറഞ്ഞു. 

രാജ്യത്ത് എവിടെ ആള്‍ക്കൂട്ട മര്‍ദ്ദനമുണ്ടായിട്ടുണ്ടോ അവിടെയൊക്കെ പെട്ടെന്നുള്ള നടപടികളും എടുത്തിട്ടുണ്ട്. ആള്‍ക്കൂട്ട മര്‍ദനവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളെ പിടികൂടാത്ത ഒരു കേസെങ്കിലും ഉണ്ടോയെന്നും മന്ത്രി ചോദിച്ചു. യുപിയില്‍ സംഭവം നടന്ന് നാല് മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി. രാജസ്ഥാനില്‍ ആറ് മാസമായി പ്രതികള്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. 

ആരും ആരേയും ഒന്നിനും നിര്‍ബന്ധിക്കരുത്. പക്ഷേ, വന്ദേ മാതരം ചൊല്ലുന്നത് നിരസിക്കാന്‍ നിങ്ങള്‍ക്കാവില്ല. റാം റാം എന്നാണ് ഒരു ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ നിങ്ങളെ വിളിക്കുന്നത്. ന്യൂനപക്ഷങ്ങളാല്‍ അല്ല ഇന്ത്യ മതേതര രാജ്യമാവുന്നത്. മതേതരത്വം ഭൂരിപക്ഷ സമുദായത്തിന്റെ ജീനിലിള്ളതാണെന്നും മന്ത്രി പറഞ്ഞു. 

തബ്രസ് അന്‍സാരി എന്ന യുവാവിനെ ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന്റേയും ഡോക്ടര്‍മാരുടേയും ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com