മദ്യപിച്ച് ലക്കുകെട്ട മൂന്നം​ഗ സംഘം ട്രാഫിക്ക് കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടു പോയി; പൊലീസ് സംഘം പിന്തുടർന്ന് രക്ഷപ്പെടുത്തി; കേസ് 

ഗതാഗത തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്യുന്നതിനിടെ കോണ്‍സ്റ്റബിളിനെ മദ്യപ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു
മദ്യപിച്ച് ലക്കുകെട്ട മൂന്നം​ഗ സംഘം ട്രാഫിക്ക് കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടു പോയി; പൊലീസ് സംഘം പിന്തുടർന്ന് രക്ഷപ്പെടുത്തി; കേസ് 

മുംബൈ: മദ്യപിച്ച് ലക്കുകെട്ട മൂന്ന് പേര്‍ ചേര്‍ന്ന് ട്രാഫിക് പോലീസുകാരനെ തട്ടിക്കൊണ്ടുപോയി. മുംബൈയിലെ ചെമ്പൂരിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗതാഗത തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്യുന്നതിനിടെ കോണ്‍സ്റ്റബിളിനെ മദ്യപ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. 

താനെ സ്വദേശികളായ മൂന്ന് പേരാണ് പൊലീസുകാരനെ തട്ടിക്കൊണ്ടുപോയത്. മൂന്ന് പേരും ചേര്‍ന്ന് മൂക്കറ്റം മദ്യപിച്ച ശേഷം കാറില്‍ യാത്ര ചെയ്യവെ, ഛദ്ദ നഗറിലെ തിരക്കേറിയ പാതയ്ക്കു മധ്യത്തില്‍ വെച്ച് വാഹനം നിന്നുപോയി. അമിതമായി മദ്യപിച്ച് ലക്കുകെട്ടിരുന്നതിനാല്‍ വാഹനം വീണ്ടും മുന്നോട്ടെടുക്കാനോ മാറ്റിയിടാനോ ഇവര്‍ക്ക് സാധിച്ചില്ല. നിമിഷങ്ങള്‍ക്കകം റോഡില്‍ വന്‍ ഗതാഗത തടസമുണ്ടായി.

വലിയ ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ട വിവരമറിഞ്ഞ് ട്രാഫിക് കോണ്‍സ്റ്റബിളായ വികാസ് മുണ്ടെ സ്ഥലത്തെത്തി. റോഡിന് നടുവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ സ്വബോധമില്ലാതെയിരിക്കുന്ന മൂന്ന് പേരെയാണ് അദ്ദേഹം കണ്ടത്. ഡ്രൈവറോട് വാഹനം റോഡരികിലേയ്ക്ക് മാറ്റാന്‍ മുണ്ടെ ആവശ്യപ്പെട്ടു. എന്നാല്‍ മറ്റു രണ്ട് പേരും കാറില്‍ നിന്ന് ഇറങ്ങുകയും മുണ്ടെയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

മദ്യപര്‍ രണ്ട് പേരും ചേര്‍ന്ന് പൊലീസുകാരനെ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്തു. തുടര്‍ന്ന് ബലമായി അദ്ദേഹത്തെ കാറിനകത്തേയ്ക്ക് തള്ളിക്കയറ്റി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുന്‍പ് കാറ് മുന്നോട്ടു കുതിച്ചു. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ തടഞ്ഞ് മദ്യപര്‍ പോലീസുകാരെ കാറിനുള്ളില്‍ ബലമായി പിടിച്ചുവെക്കുകയായിരുന്നു. 

ഇതിനിടയില്‍ തന്റെ വയര്‍ലെസ്സിലൂടെ സംഭവത്തെക്കുറിച്ച് കണ്‍ട്രോല്‍ റൂമിലേയ്ക്ക് വിവരം കൈമാറാന്‍ മുണ്ടെയ്ക്ക് കഴിഞ്ഞു. വിവരമറിഞ്ഞ് ഒരു സംഘം പൊലീസുകാര്‍ മദ്യപരുടെ വാഹനത്തെ പിന്തുടര്‍ന്നു. മൂന്ന് കിലോമീറ്ററോളം ദൂരം ഇവരെ പിന്തുടര്‍ന്ന ശേഷമാണ് കാര്‍ തടഞ്ഞു നിര്‍ത്താന്‍ സാധിച്ചത്. തുടര്‍ന്ന് പൊലീസുകാരനെ രക്ഷപ്പെടുത്തുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതിനിടയില്‍ മൂന്നാമന്‍ രക്ഷപ്പെട്ടു.

വിരാജ് ഷിന്‍ഡേ, ഗൗരവ് പഞ്ച്വാനി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മൂന്നാമനായ രാജ് സിങിനായി അന്വേഷണം നടത്തുകയാണെന്ന് തിലക് നഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്പി കുംബ്ലെ പറഞ്ഞു. പ്രതികള്‍ക്കെതിരെ ഗതാഗത നിയമപ്രകാരവും ക്രിമിനല്‍ നിയമപ്രകാരവും കേസുകള്‍ എടുത്തതായി അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com