'പ്രിയങ്ക വരണം, കോണ്‍ഗ്രസിന്റെ പ്രതാപം വീണ്ടെടുക്കാന്‍'; പാര്‍ട്ടിയില്‍ മുറവിളി

'പ്രിയങ്ക വരണം, കോണ്‍ഗ്രസിന്റെ പ്രതാപം വീണ്ടെടുക്കാന്‍'; പാര്‍ട്ടിയില്‍ മുറവിളി
പ്രിയങ്കാ ഗാന്ധി
പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാവുന്നു. ഇക്കാര്യം ഉന്നയിച്ച് പരസ്യമായിത്തന്നെ നേതാക്കള്‍ രംഗത്തുവന്നു.

പ്രിയങ്ക അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും മുന്‍ എംപിയുമായ അഭിജിത് മുഖര്‍ജി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം പ്രിയങ്കയ്ക്കു കാണാതിരിക്കാനാവില്ലെന്ന് അഭിജിത് പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യ പ്രിയങ്ക ഗാന്ധിയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അനില്‍ ശാസ്ത്രി പറഞ്ഞു. പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് പ്രിയങ്കയെ പ്രസിഡന്റായി പ്രഖ്യാപിക്കണമെന്ന് അനില്‍ ശാസ്ത്രി ആവശ്യപ്പെട്ടു.

''സ്ഥാനമൊഴിയണമെന്ന ആവശ്യത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുകയാണ്. നിലനില്‍ക്കണമെങ്കില്‍ പാര്‍ട്ടി എത്രയും വേഗം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് പ്രിയങ്കയോളം പറ്റിയ മറ്റൊരാളില്ല. പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് എത്രയും വേഗം പ്രിയങ്കയെ നേതാവായി തെരഞ്ഞെടുക്കണം''  അനില്‍ ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ് ഇപ്പോഴത്തേതെന്ന് അഭിജിത് മുഖര്‍ജി അഭിപ്രായപ്പെട്ടു. പ്രിയങ്കയാണ് ഇതില്‍നിന്നു കരകയറ്റാനാവുന്ന ഒരാള്‍. ഇന്ദിരാ ഗാന്ധിയെപ്പോലെ പാര്‍ട്ടിയെ തകര്‍ച്ചയില്‍നിന്നു വിജയത്തിലേക്ക് എത്തിക്കാന്‍ പ്രിയങ്കയ്ക്കാവുമെന്ന് അഭിജിത് മുഖര്‍ജി പറഞ്ഞു. 

പ്രിയങ്ക കോണ്‍ഗ്രസ് നേതാവായി വരേണ്ട ഉചിതമായ സമയമാണ് ഇതെന്ന് മുന്‍ കേന്ദ്രമന്ത്രിയും യുപിയില്‍നിന്നുള്ള നേതാവുമായ ശ്രീപ്രകാശ് ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ വിജയത്തില്‍ തിരിച്ചെത്തിക്കാനുള്ള പ്രാപ്തി പ്രിയങ്കയ്ക്കുണ്ടെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. ഒഡിഷയില്‍നിന്നുള്ള നേതാവായ ഭക്തചരണ്‍ ദാസും സമാനമായ അഭിപ്രായം മുന്നോട്ടുവച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com