ഇന്ത്യക്കാർ കുരങ്ങൻമാരുടെയല്ല, ഋഷിമാരുടെ മക്കളെന്ന് ബിജെപി എംപി; താങ്കളുടെ മാതാവ് പശുവാണോ എന്ന് മഹുവ മൊയ്ത്ര

ഡാര്‍വിന്‍ സിദ്ധാന്തത്തെ തള്ളി പുതിയ സിദ്ധാന്തമവതരിപ്പിച്ച് മുന്‍ കേന്ദ്ര മന്ത്രി സത്യപാൽ സിങ്
ഇന്ത്യക്കാർ കുരങ്ങൻമാരുടെയല്ല, ഋഷിമാരുടെ മക്കളെന്ന് ബിജെപി എംപി; താങ്കളുടെ മാതാവ് പശുവാണോ എന്ന് മഹുവ മൊയ്ത്ര

ന്യൂഡൽഹി: ഡാര്‍വിന്‍ സിദ്ധാന്തത്തെ തള്ളി പുതിയ സിദ്ധാന്തമവതരിപ്പിച്ച് മുന്‍ കേന്ദ്ര മന്ത്രി സത്യപാൽ സിങ്. ലോക്‌സഭയിലാണ് മുന്‍ കേന്ദ്ര മന്ത്രിയുടെ വിചിത്ര വാദം. മനുഷ്യാവകാശ നിയമത്തെ കുറിച്ചുള്ള ചര്‍ച്ച ലോക്‌സഭയില്‍ നടക്കുമ്പോഴായിരുന്നു സത്യപാല്‍ സിങിന്റെ പുതിയ സിദ്ധാന്തത്തിന്റെ അവതരണം നടന്നത്. 

ഇന്ത്യന്‍ സംസ്‌കാരം മനുഷ്യാവകാശത്തിന് പ്രാധാന്യം നല്‍കുന്നില്ല, മാത്രമല്ല മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന ആശയത്തിനും പ്രാധാന്യം നല്‍കുന്നില്ല. നമ്മുടെ സംസ്‌ക്കാരം പറയുന്നത് നമ്മള്‍ ഋഷിമാരുടെ മക്കളാണെന്നാണ്. നമ്മള്‍ കുരങ്ങന്‍മാരുടെ മക്കളാണെന്ന് കരുതുന്നവര്‍ കരുതിക്കൊള്ളൂ. പക്ഷെ നമ്മുടെ സംസ്‌കാര പ്രകാരം നമ്മള്‍ ഋഷിമാരുടെ മക്കളാണെന്നായിരുന്നു മുന്‍ മുംബൈ പൊലീസ് ചീഫ് കൂടി ആയിരുന്ന സത്യപാല്‍ സിങ് പറഞ്ഞത്. സന്നദ്ധ സംഘടനകളും വിദേശ സംഘടനകളില്‍ നിന്ന് സഹായം നേടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും തീവ്രവാദികളെയും രാജ്യ ദ്രോഹികളെയും സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുന്‍ മന്ത്രിയുടെ ഈ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷ ബഞ്ചുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു. പ്രതിപക്ഷ എംപിമാരായ മഹുവ മൊയ്ത്രയും കനിമൊഴിയും സത്യപാല്‍ സിങിനെതിരെ ആഞ്ഞടിച്ചു. താങ്കളുടെ മാതാവ് പശുവാണോ എന്നായിരുന്നു മഹുവ മൊയ്ത്രയുടെ ചോദ്യം. നമ്മള്‍ ഹോമോ സാപിയന്‍സ് ആണ്, സഭയും ശാസ്ത്രീയ വീക്ഷണം ഉള്‍പ്പെടുത്തണമെന്ന് കനിമൊഴി പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com