'പാവപ്പെട്ട ജനങ്ങൾക്ക് പകരം അഴിമതിക്കാരായ രാഷ്​ട്രീയക്കാരെ കൊല്ലൂ'  : ഭീകരരോട് ജമ്മുകശ്​മീർ ഗവർണർ, വിവാദം

കശ്​മീർ ഭരിച്ച രാഷ്​ട്രീയ കുടുംബങ്ങൾ പൊതുജനത്തിൻെറ പണം കൊള്ളയടിച്ച്​ ലോകത്താകമാനം സ്വത്ത്​ സമ്പാദിച്ചുകൂട്ടുകയാണ്
'പാവപ്പെട്ട ജനങ്ങൾക്ക് പകരം അഴിമതിക്കാരായ രാഷ്​ട്രീയക്കാരെ കൊല്ലൂ'  : ഭീകരരോട് ജമ്മുകശ്​മീർ ഗവർണർ, വിവാദം

ശ്രീനഗർ: സാധാരണക്കാരായ ജനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൊന്നൊടുക്കുന്നതിന്​ പകരം അഴിമതിക്കാരായ രാഷ്​ട്രീയക്കാരെ കൊല്ലൂ എന്ന്​ ഭീകരരോട് ജമ്മുകശ്​മീർ ഗവർണർ സത്യപാൽ മാലിക്​. കാർ​ഗിലിൽ ഒരു പൊതുചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ​ഗവർണറുടെ വിവാദ പ്രസം​ഗം. 

‘‘തീവ്രവാദ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച ചെറുപ്പക്കാർ തോക്കെടുത്ത്​ സ്വന്തം ജനങ്ങളെയും പേഴ്​സണൽ സുരക്ഷാ ഓഫീസറെയും സ്​പെഷ്യൽ പൊലീസ്​ ഓഫീസർമാരേയും​ കൊല്ലുന്നു​. എന്തിനാണ്​ നിങ്ങൾ അവരെ കൊല്ലുന്നത്​? കശ്​മീരിൻെറ സമ്പത്ത്​ കൊള്ളയടിച്ചവരെ കൊല്ലൂ. നിങ്ങൾ അവരിൽ ആരെയെങ്കിലും കൊന്നിട്ടുണ്ടോ.? ’’ മാലിക്​ ചോദിച്ചു. 

കശ്​മീർ ഭരിച്ച രാഷ്​ട്രീയ കുടുംബങ്ങൾ പൊതുജനത്തിൻെറ പണം കൊള്ളയടിച്ച്​ ലോകത്താകമാനം സ്വത്ത്​ സമ്പാദിച്ചുകൂട്ടുകയാണ്​. അവർക്ക്​ വളരെയേറെ സമ്പത്തുണ്ട്​. അവർക്ക്​ ശ്രീനഗറിൽ ഒരു വസതിയുണ്ട്​, ഒന്ന്​ ഡൽഹിയിലുണ്ട്​, മറ്റൊന്ന്​ ലണ്ടനിലും മറ്റ്​ പല സ്ഥലങ്ങളിലുമുണ്ട്​. വലിയ ഹോട്ടലുകളുടെ ഓഹരി ഉടമകളാണവരെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സർക്കാർ തോക്കിന്​ മുമ്പിൽ കീഴടങ്ങില്ലെന്നും മാലിക്​ വ്യക്തമാക്കി. 

​ഗവർണറുടെ പ്രസ്താവന ഇതിനോടകം വിവാദമായിട്ടുണ്ട്. സത്യപാൽ മാലിക്കിന്റെ പ്രസ്താവനയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രം​ഗത്തെത്തി. ഭരണഘടനാപദിവിയിൽ ഇരിക്കുന്ന ഒരാൾ പറയാൻ പാടില്ലാത്തതാണ് മാലിക്കിന്റെ ഭാ​ഗത്തുനിന്നുണ്ടായ കമന്റെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം തന്റെ പ്രസ്താവനയെ ന്യായീകരിച്ച് സത്യപാൽ മാലിക്  രം​ഗത്തെത്തി. ​ഗവർണർ എന്ന നിലയിൽ പറയാൻ പാടില്ലാത്തതാണ്. എന്നാൽ വ്യക്തി എന്ന നിലയിൽ തന്റെ വികാരമാണ് താൻ പ്രകടിപ്പിച്ചത്. നിരവധി രാഷ്ട്രീയ നേതാക്കന്മാരും വൻ ഉദ്യോ​ഗസ്ഥരും അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് സത്യപാൽ മാലിക് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com