132 ഗ്രാമങ്ങള്‍, മൂന്ന് മാസമായി ഇവിടെ പെണ്‍കുഞ്ഞ് പിറന്നിട്ടില്ല; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കഴിഞ്ഞ മൂന്ന് മാസത്തിന് ഇടയില്‍ 216 കുട്ടികളാണ് ഇവിടെ ജനിച്ചത്. എന്നാലതില്‍ ഒരു പെണ്‍കുട്ടിപോലുമില്ല
132 ഗ്രാമങ്ങള്‍, മൂന്ന് മാസമായി ഇവിടെ പെണ്‍കുഞ്ഞ് പിറന്നിട്ടില്ല; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ 132 ഗ്രാമങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസമായി ഒരു പെണ്‍കുഞ്ഞ് പോലും ജനിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പെണ്‍ഭ്രൂണഹത്യയാണ് ഇതിന് കാരണമെന്നാണ് സൂചന. 

കഴിഞ്ഞ മൂന്ന് മാസത്തിന് ഇടയില്‍ 216 കുട്ടികളാണ് ഇവിടെ ജനിച്ചത്. എന്നാലതില്‍ ഒരു പെണ്‍കുട്ടിപോലുമില്ല. ഒരു പെണ്‍കുട്ടിപോലും ജനിക്കാത്ത ഗ്രാമങ്ങളെ നിരീക്ഷണ വിധേയമാക്കുമെന്നും, ഇതിന്റെ കാരണം കണ്ടെത്താന്‍ വിശദമായ പഠനവും സര്‍വേയും നടത്തുമെന്നും ജില്ല മജിസ്‌ട്രേറ്റ് ആശിഷ് ചൗഹാന്‍ പറഞ്ഞു.

ഈ ഗ്രാമങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. പെണ്‍ഭ്രൂണഹത്യയുടെ തെളിവാണ് ഇതെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ കല്‍പ്പന ഠാക്കൂര്‍ പറഞ്ഞു. മൂന്ന് മാസമായി ഇവിടെ പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചിട്ടില്ല എന്നത് യാദൃശ്ചികമായി സംഭവിച്ചതല്ല. ഭരണകൂടം ഇവിടെ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ ആരോപിച്ചു. 

കേന്ദ്ര സര്‍ക്കാരിന്റെ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ റിപ്പോര്‍ട്ട് എന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശിവ് സിങ് തന്‍വാള്‍ പറഞ്ഞു. പെണ്‍ഭ്രൂണഹത്യ ഇവിടെ നടക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇത് തടയാന്‍ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com