'പ്രേതങ്ങളല്ല, മനുഷ്യരാണ് വോട്ട് ചെയ്തത്'- ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ

പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസം ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
'പ്രേതങ്ങളല്ല, മനുഷ്യരാണ് വോട്ട് ചെയ്തത്'- ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസം ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍റെ സൈറ്റിലെ വിവരങ്ങള്‍ പ്രകാരം പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറച്ച് എണ്ണിയതും കൂടുതല്‍ എണ്ണിയതുമായ ഇടങ്ങളില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. 

കമ്മീഷന്‍ പുറത്തുവിട്ട മണ്ഡലം തിരിച്ചുള്ള എണ്ണിയ വോട്ടുകളുടെ നമ്പറും നേരത്തെ പോള്‍ ചെയ്തതായി കമ്മീഷന്‍ സൈറ്റില്‍ കാണിക്കുന്ന നമ്പറും തമ്മില്‍ വ്യത്യാസം കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ 373 മണ്ഡലങ്ങളില്‍ വ്യത്യാസം കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. വോട്ടുകള്‍ കൂടുതല്‍ വന്നതിനെ റിപ്പോര്‍ട്ടില്‍ 'ഗോസ്റ്റ് വോട്ട്' (പ്രേത വോട്ടുകള്‍) എന്നായിരുന്നു വിശേഷിപ്പിച്ചത്.

തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തവരില്‍ പ്രേതങ്ങളില്ലെന്നും മനുഷ്യര്‍ തന്നെയാണെന്നും കമ്മീഷന്‍ പറയുന്നു. വെബ്സൈറ്റിലെ നേരത്തെയുള്ള കണക്കുകള്‍ താത്കാലികമാണെന്നും മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു. കൃത്യമായ കണക്കെടുപ്പിന് ശേഷം അന്തിമമായ കണക്കുകള്‍ വൈകാതെ പുറത്തുവിടും. അന്തിമ കണക്കുകള്‍ ഒരോ റിട്ടേണിങ് ഓഫീസര്‍മാരില്‍ നിന്ന് ശേഖരിച്ച് പ്രസിദ്ധീകരിക്കാന്‍ സമയമെടുക്കും. 2014ലെ തെരഞ്ഞെടുപ്പിന് ശേഷം അന്തിമ കണക്കുകള്‍ പുറത്തുവിടാന്‍  മൂന്ന് മാസം വരെ എടുത്തിരുന്നതായും കമ്മീഷന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ അധികം താമസമില്ലാതെ ഈ കണക്കുകള്‍ പുറത്തുവിടുമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

373 സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ലെന്നായിരുന്നു ആരോപണം. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് 12,14,086 വോട്ടുകളാണ് പോൾ ചെയതതെന്ന് സൈറ്റിലെ കണക്കുകള്‍. എന്നാൽ പുതിയ കണക്കുകളില്‍ ഇവിടെ ആകെ എണ്ണിയത് 12,32,417 വോട്ടുകളാണ്. 18,331 വോട്ടുകളുടെ വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സമാനമായി ധർമപുരി, ഉത്തർപ്രദേശിലെ മഥുര, ബിഹാറിലെ ഔറംഗബാദ് മണ്ഡലങ്ങളിലെ കണക്കുകളും വാര്‍ത്തയിലുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com