രാഹുല്‍ ഒഴിഞ്ഞാല്‍ കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ തയാര്‍; നേതൃത്വത്തിന് അസ്ലം ഷേര്‍ ഖാന്റെ കത്ത്

രാഹുല്‍ ഒഴിഞ്ഞാല്‍ കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ തയാര്‍; നേതൃത്വത്തിന് അസ്ലം ഷേര്‍ ഖാന്റെ കത്ത്
രാഹുല്‍ ഒഴിഞ്ഞാല്‍ കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ തയാര്‍; നേതൃത്വത്തിന് അസ്ലം ഷേര്‍ ഖാന്റെ കത്ത്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഒഴിയുന്ന പക്ഷം കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ തയാറെന്ന് അറിയിച്ച് മുന്‍ ഹോക്കി താരവും  മുന്‍ കോണ്‍ഗ്രസ് എംപിയുമായ അസ്ലം ഷേര്‍ ഖാന്‍ പാര്‍ട്ടി നേതൃത്വത്തിനു കത്തയച്ചു. രാഹുല്‍ ഒഴിയുകയാണെങ്കില്‍ രണ്ടു വര്‍ഷം പാര്‍ട്ടി അധ്യക്ഷനായിരിക്കാമെന്നാണ് അസ്ലം ഷേര്‍ ഖാന്‍ അറിയിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിയുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതിയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തക സമിതി ഇത് ഏകകണ്ഠമായി തള്ളുകയായിരുന്നു. സ്ഥാനമൊഴിയാനുള്ള രാഹുലിന്റെ തീരുമാനത്തിനെതിരെ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍നിന്നായി പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭ്യര്‍ഥന എഐസിസി ആസ്ഥാനത്തേക്ക് പ്രവഹിക്കുന്നതിനിടെയാണ് അധ്യക്ഷനാവാന്‍ തയാറാണെന്ന് അറിയിച്ച് അസ്ലം ഷേര്‍ ഖാന്റെ കത്ത്.

അധ്യക്ഷനെന്ന നിലയില്‍ പാര്‍ട്ടിയെ സേവിക്കാന്‍ തയാറാണെന്ന് അസ്ലം ഷേര്‍ ഖാന്‍ കത്തില്‍ പറയുന്നു. രണ്ടു വര്‍ഷത്തേക്ക് ആ പദവിയില്‍ തുടരാന്‍ തയാറാണ്. സമയബന്ധിതമായി മാത്രമാണ് പദവി ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുന്നതെന്നും കത്തിലുണ്ട്. 

അറുപത്തിയഞ്ചുകാരനായ അസ്ലം ഷേര്‍ ഖാന്‍ 1975ല്‍ ലോക കപ്പ് നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു. 1972ലെ മ്യൂണിക് ഒളിംപിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഹോക്കിയില്‍നിന്നു വിരമിച്ച ശേഷം അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി. ഒരു തവണ മധ്യപ്രദേശില്‍നിന്നു ലോക്‌സഭയിലേക്കു തെരഞ്ഞടുക്കപ്പെട്ടു. പിന്നീടു മത്സരിച്ചെങ്കിലും പരാജയപ്പെടുകായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com