കനത്ത പൊടിക്കാറ്റ്: ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

വായു ചുഴലിക്കാറ്റിന്റെ ആഘാതമാണ് പൊടിക്കാറ്റു വീശുന്നതിനും ചൂടു കുറയുന്നതിനും കാരണമായതെന്നാണ് വിലയിരുത്തല്‍.
കനത്ത പൊടിക്കാറ്റ്: ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. ശബ്ദത്തോടുകൂടിയുള്ള പൊടിക്കാറ്റാണ് ഡല്‍ഹിയില്‍ ആഞ്ഞടിച്ചത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറത്തേക്ക് നിര്‍ത്തി വയ്ക്കുകയും വിമാനങ്ങള്‍ വഴി തിരിച്ച് വിടുകയും ചെയ്തു. 

വായു ചുഴലിക്കാറ്റിന്റെ ആഘാതമാണ് പൊടിക്കാറ്റു വീശുന്നതിനും ചൂടു കുറയുന്നതിനും കാരണമായതെന്നാണ് വിലയിരുത്തല്‍. ഗുജറാത്തിലും ശക്തമായ പൊടിക്കാറ്റ് വീശുകയാണ്. അറബിക്കടലിന്റെ തീരത്തുള്ള പ്രസിദ്ധ സോമനാഥ ക്ഷേത്രത്തിനു സമീപത്താണ് പൊടിക്കാറ്റ് രൂക്ഷം. 

വായു ഗുജറാത്തില്‍ വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വലിയ മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തിച്ചേരുമെന്നാണു കരുതുന്നത്.  

അതേസമയം, പൊടിക്കാറ്റിനെ തുടര്‍ന്ന് ഡല്‍ഹിയിലെ അന്തരീക്ഷ താപനിലയില്‍ വലിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് 6.30ന് 40 ഡിഗ്രി ചൂടുണ്ടായിരുന്നത് ഏഴോടെ 33 ഡിഗ്രിയായി. തിങ്കളാഴ്ച 48 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഡല്‍ഹിയിലെ താപനില. 

ഇതിനിടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ചെറിയ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com