കണ്ണുപൂട്ടി കൈയ്യും കാലും കൂട്ടിക്കെട്ടി ഗംഗാ നദിക്കടിയില്‍ ലൈവ് മാജിക്കിന് ശ്രമം; മജിഷ്യനെ ഒഴുക്കില്‍പ്പെട്ട് കാണാതായി 

വിഖ്യാത മാന്ത്രികന്‍ ഹാരി ഹൂദിനിയെപ്പോലെ പ്രകടനം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം
കണ്ണുപൂട്ടി കൈയ്യും കാലും കൂട്ടിക്കെട്ടി ഗംഗാ നദിക്കടിയില്‍ ലൈവ് മാജിക്കിന് ശ്രമം; മജിഷ്യനെ ഒഴുക്കില്‍പ്പെട്ട് കാണാതായി 

കൊല്‍ക്കത്ത: ഗംഗാ നദിയില്‍ ലൈവ് മാജിക്കിന് ശ്രമിക്കുന്നതിനിടെ മജീഷ്യന്‍ ചഞ്ചല്‍ ലഹിരിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വിഖ്യാത മാന്ത്രികന്‍ ഹാരി ഹൂദിനിയെപ്പോലെ പ്രകടനം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. നദിക്കടിയില്‍ പോയുള്ള ലൈവ് സ്റ്റണ്ട് ആയിരുന്നു ലഹിരിയുടെ പദ്ധതി. 

ആളുകളെ അത്ഭുതപ്പെടുത്താന്‍ മില്ലനിയം പാര്‍ക്കിന് സമീപത്തുനിന്ന് നദിയിലേക്ക് ഇറങ്ങിയ ലഹിരിയെ ഹൗറ ബ്രിഡ്ജിലെ 28-ാം നമ്പര്‍ തൂണിന് സമീപത്തുനിന്ന് കാണാതാകുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. നീന്തല്‍വിദഗ്ധരെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു. 

അനുവാദം വാങ്ങിയ ശേഷമാണ് ലഹിരി പ്രകടനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആവശ്യത്തിന് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ല. 

കണ്ണുകെട്ടി ഇരു കൈകളും കാലുകളും കെട്ടിയാണ് ലഹിരി നദിയിലേക്ക് ചാടിയത്. കെട്ടുകളെല്ലാം പൊട്ടിച്ച് നദിയില്‍ നിന്ന് തിരിച്ചുകയറുമെന്നതായിരുന്നു മാജിക്. ബോട്ടില്‍ സഞ്ചരിച്ച് നദിയുടെ നടുവില്‍ ക്രെയിനില്‍ ലഹിരിയെ വെള്ളത്തിലേക്ക് എടുത്തിട്ടു. ഇയാള്‍ മടങ്ങിവരുന്നത് കാണാന്‍ ആവേശരായി തടിച്ചുകൂടിയ കാണികള്‍ പക്ഷെ പിന്നീട് പരിഭ്രാന്തരായി. പത്ത് മിനിറ്റ് കഴിഞ്ഞിട്ടും ലഹിരി പൊങ്ങിവന്നില്ല. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com